സൂര്യാസ്തമനത്തിന് ശേഷം സ്ത്രീകളെ അറസ്റ്റ് ചെയ്യൽ; കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

Advertisement

ചെന്നൈ: സ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദേശങ്ങൾ പൊലീസ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. മാർച്ച് 16ന് നൽകിയ ഉത്തരവിൽ ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ എട്ടാഴ്ചക്കകം തയാറാക്കാൻ സംസ്ഥാനത്തോട് ജസ്റ്റിസ് അനിത സുമന്ത് നിർദേശിച്ചിരുന്നു.

ക്രിമിനൽ നടപടിക്രമങ്ങളിലെ സെക്ഷൻ 46(4) പ്രകാരം സ്ത്രീകളെ ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ സൂര്യാസ്തമനത്തിനു ശേഷം അറസ്റ്റ് ചെയ്യാൻ പാടില്ല. പ്രത്യേക സാഹചര്യങ്ങളിൽ സൂര്യസ്തമനത്തിനു ശേഷം അറസ്റ്റ് ചെയ്യുകയാണെങ്കിൽ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉണ്ടായിരിക്കണം.

കൂടാതെ ആരുടെ പ്രാദേശിക അധികാരപരിധിയിലാണോ കുറ്റം നടന്നിട്ടുള്ളത് അവിടെയുള്ള ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് റിപ്പോർട്ട് സമർപ്പിക്കുകയും അനുവാദം വാങ്ങുകയും വേണം. എങ്കിൽ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാൻ അനുമതിയുണ്ടാവൂ. ഈ രണ്ടു വ്യവസ്ഥകളും പാലിക്കേണ്ടതും ക്രിമിനൽ നടപടിക്രമങ്ങൾ പ്രകാരം ഇതിൽനിന്ന് വ്യതിചലിക്കാൻ പാടില്ലാത്തതുമാണെന്നും ഹൈക്കോടതി അറിയിച്ചു.

2012ൽ തന്നെ അറസ്റ്റ് ചെയ്തതിനെതിരെ 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള വനിത മാധ്യമ പ്രവർത്തകയുടെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതക്കെതിരെ ലഖുലേഖകൾ വിതരണം ചെയ്തതിന് എ.ഐ.എ.ഡി.എം.കെ അംഗത്തിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.

രാത്രി 10 മണിക്കാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥ ഉണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്യാനുള്ള അനുവാദം മജിസ്‌ട്രേറ്റിൽ നിന്ന് പൊലീസ് വാങ്ങിയിരുന്നില്ല. പ്രകോപകമായ ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിലൂടെ ക്രമസമാധാനം തകരുമെന്നതിനാലാണ് അനുമതിക്ക് കാത്തുനിൽക്കാതെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

ഇത്തരം സാഹചര്യങ്ങളിൽ നിയമങ്ങളിൽ ഇളവുകൾ നൽകാറുണ്ടെന്നും അറസ്റ്റിനു ശേഷം റിപ്പോർട്ട് സമർപ്പിച്ചെന്നും പൊലീസ് വാദിച്ചു. മാർഗനിർദേശങ്ങൾക്ക് വിപരീതമായാണ് അറസ്റ്റ് ചെയ്യുന്നതെങ്കിൽ പ്രവൃത്തിയിലുണ്ടായ പിശക് പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് സുമന്ത് പറഞ്ഞു. എന്നാൽ, ഹർജിക്കാരിയുടെ പരാതിയിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.