ലക്ഷദ്വീപ് പാഠമായി; വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Advertisement

ന്യൂഡൽഹി: ലക്ഷദ്വീപിൽ എം.പിയെ അയോഗ്യനാക്കിയതിനു പിന്നാലെ തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ‘പണി’ കിട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, വയനാട്ടിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഒഴിഞ്ഞുമാറി. വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് കർണാടക തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കവെയാണ് അറിയിച്ചത്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്പീൽ നൽകാൻ ഒരുമാസം സമയമുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ചട്ടപ്രകാരം ആറുമാസം സമയമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ മാസം 23നാണ് രാഹുലിനെ ലോക്സഭ സെക്രട്ടറിയേറ്റ് എം.പി സ്ഥാനത്തുനിന്ന് അ​യോഗ്യനാക്കിയത്.

ലക്ഷദ്വീപിന്റെ കാര്യത്തിൽ റോക്കറ്റ് വേഗതയിലായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കാര്യങ്ങൾ നീക്കിയത്. 2023 ജനുവരി 11നാണ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസിൽ 10 വർഷത്തെ തടവിന് കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചത്. ഈ ദിവസം മുതൽ ഫൈസൽ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനായതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് മുൻകാലപ്രാബല്യത്തോടെ ഉത്തരവ് പുറത്തിറക്കി. ഇതിനുപിന്നാലെ ജനുവരി 18ന് ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

ഫെബ്രുവരി 17ന് വോട്ടെടുപ്പ്, മാർച്ച് രണ്ടിന് വോട്ടെണ്ണൽ എന്നായിരുന്നു പ്രഖ്യാപനം. ത്രിപുര, നാഗാലാൻഡ്, മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചത്. എന്നാൽ, ഫൈസലിന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തതോടെ ഈ നീക്കം പാളി.

തെര​ഞ്ഞെടുപ്പ് കമ്മീഷന്റെ അസാമാന്യ തിടുക്കം ചോദ്യംചെയ്യപ്പെടുകയും ചെയ്തു. ഒടുവിൽ, ഇന്ന് ഫൈസലിന്റെ അയോഗ്യത ലോക്സഭ സെക്രട്ടറിയേറ്റ് പിൻവലിക്കുകയും ചെയ്തു. ഈ അനുഭവം മുൻനിർത്തിയാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിൽനിന്ന് കമ്മീഷൻ പിൻമാറിയത്.

Advertisement