‘ഇത് ജാതിവിവേചനമല്ലാതെ എന്താണ്’; സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയറ്റർ ജീവനക്കാർ തടഞ്ഞതായി പരാതി

Advertisement

ചെന്നൈ: തിയറ്ററിൽ സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തെ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. സിമ്പുവിന്റെ പുതിയ ചിത്രം ‘പത്തു തല’ കാണാനെത്തിയതാണ് കുടുംബം. തിയറ്ററിലേക്കുള്ള​ പ്രവേശനം ആദ്യം നിഷേധിച്ച ജോലിക്കാർ വിഡിയോ പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തപ്പോൾ അവരെ കടത്തിവിടുകയായിരുന്നു.

കോയമ്പേട് രോഹിണി സിൽവർ സ്‌ക്രീനിലെത്തിയ നരിക്കുറവ വിഭാഗത്തിൽപ്പെട്ട കുടുംബത്തിനാണ് വ്യാഴാഴ്ച രാവിലെ ദുരനുഭവമുണ്ടായത്. നാടോടിജീവിതം നയിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഇവരെ കൈയിൽ ടിക്കറ്റുണ്ടായിട്ടും ഗേറ്റിൽ തടഞ്ഞുവെക്കുകയായിരുന്നു. അതോടെ, മറ്റു സിനിമാപ്രേമികൾ പ്രതിഷേധം ഉയർത്തുകയും ദൃശ്യം വീഡിയോയിൽ പകർത്തുകയും ചെയ്തു.

തിയേറ്ററിൽ ചിത്രം കാണാനെത്തിയ വ്യക്തിയാണ് വിഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കുഞ്ഞിനൊപ്പം നിൽക്കുന്ന സ്ത്രീയോട് മാറി നിൽക്കാൻ തിയേറ്റിലെ ജോലിക്കാരൻ പറയുന്നുണ്ട്. അവരുടെ കയ്യിൽ ടിക്കറ്റുണ്ടായിട്ടും എന്താണ് അകത്തേയ്ക്കു പ്രവേശിപ്പിക്കാത്തതെന്ന ചോദ്യത്തിന് ജോലിക്കാരൻ മറുപടി നൽകുന്നുമില്ല. ‘വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയിലും ആദിവാസികൾ വിവേചനം നേരിടുന്നു’ എന്ന പരാമർശത്തോടെയാണ് വിഡിയോ പ്രചരിച്ചത്. ഇതോടെ തിയേറ്റർ അധികൃതർ ഇടപെടുകയും ഇവരെ കടത്തിവിടുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതിനെ തുടർന്ന് രോഹിണി സിൽവർ സ്ക്രീൻസ് മാനേജ്മെന്റ് വിശദീകരണ കുറിപ്പ് ഇറക്കി. ചിത്രത്തിനു U/A സെർട്ടിഫിക്കറ്റാണെന്നും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇതു കാണാൻ അനുവാദമില്ലത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നാണ് തിയേറ്റർ ഉടമയുടെ വിശദീകരണം.

സിനിമ കാണാനെത്തിയ ചിലരെ തടഞ്ഞത് ജാതിയുടെയോ വേഷത്തിന്റെയോ പേരിൽ അല്ലെന്ന് തിയറ്റർ അധികൃതർ പറയുന്നു. പത്തു തല സിനിമയ്ക്ക് യു.എ സർട്ടിഫിക്കറ്റാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അതു കാണാൻ അനുവാദമില്ല. ഈ കുടുംബത്തിൽ രണ്ട്, ആറ്, എട്ട്, 10 വയസ്സുള്ള കുട്ടികൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തടഞ്ഞതെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. എന്നാൽ ‘എ’ സർട്ടിഫിക്കറ്റുള്ള സിനിമ കാണാനെത്തുന്ന കുട്ടികളെപ്പോലും വയസ്സു നോക്കി തടയാറില്ലെന്ന് സിനിമാപ്രേമികൾ ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തിൽ തിയറ്ററിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ‘ഇത് ജാതിവിവേചനമല്ലാതെ എന്താണ്’എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. പ്രവേശനം നിഷേധിച്ച തിയറ്റർ സ്റ്റാഫുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.എം.കെ എം.പി സെന്തിൽകുമാർ പറഞ്ഞു. ജോലിക്കാർക്ക് വേണ്ടവിധത്തിലുള്ള നിർദ്ദേശങ്ങൾ നൽക്കാത്ത മാനേജ്മെന്റും സംഭവത്തിൽ ഉത്തരവാദികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement