ചെന്നൈ ഡാൻസ് അക്കാദമിയിലെ ലൈംഗികാരോപണം: മലയാളി നൃത്താധ്യാപകൻ അറസ്റ്റിൽ

Advertisement

ചെന്നൈ: പൂർവ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ തമിഴ്‌നാട്ടിലെ ഡാൻസ് അക്കാദമിയിലെ മലയാളി അസിസ്റ്റന്റ് പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്‌സിലെ നൃത്താധ്യാപകനായ ഹരിപത്മനാണ് അറസ്റ്റിലായത്. മലയാളിയായ പൂർവ വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. ഐപിസി സെക്‌ഷൻ 354എ, 509 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.

ലൈംഗികാതിക്രമ പരാതി ആരോപിക്കപ്പെട്ട കോളജിലെ നാല് ഫാക്കൽറ്റി അംഗങ്ങളിൽ ഒരാളാണ് ഇയാൾ. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു. അധ്യാപകർക്കെതിരെ ലൈംഗികാതിക്രമം, ബോഡി ഷെയ്മിങ്, അധിക്ഷേപം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് 90 വിദ്യാർഥികൾ സംസ്ഥാന വനിതാ കമ്മിഷന് പരാതി നൽകിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വ്യക്തമാക്കിയിരുന്നു.