കഴുതപ്പാൽ കൊണ്ടുള്ള സോപ്പ് ഉപയോഗിച്ചാൽ സുന്ദരികളാകാം; ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ -അവകാശ​വാദവുമായി മനേക ഗാന്ധി, പരിഹാസവുമായി സോഷ്യൽ മീഡിയ

Advertisement

ന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയുടെ പുതിയ പരാമർശമാണ് ഇപ്പോൾ നെറ്റിസൺസ് ആഘോഷമാക്കുന്നത്. കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകുമെന്ന മനേക ഗാന്ധിയുടെ പരാമർശമാണ് പരിഹാസത്തിന് കാരണം. യു.പിയിലെ സുൽത്താൻപൂരിൽ നടന്ന പരിപാടിയിലായിരുന്നു മനേകയുടെ പ്രസ്താവന. ”കഴുതപ്പാലിൽ നിർമിച്ച സോപ്പ് ഉപയോഗിച്ചാൽ സ്ത്രീകളുടെ ശരീരം സുന്ദരമാകും. ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലിൽ ആണ് കുളിച്ചിരുന്നത്”-എന്നാണ് മനേക പറഞ്ഞത്.

”ക്ലിയോപാട്ര വളരെ പ്രശസ്തയായ രാജ്ഞിയാണ്. കഴുതപ്പാലിലാണ് അവ കുളിച്ചിരുന്നത്. ഡൽഹിയിൽ കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പിന് 500 രൂപ വിലയുണ്ട്. എന്തുകൊണ്ട് സോപ്പുണ്ടാക്കാൻ കഴുതകളുടെയും ആളുകളുടെയും പാൽ ഉപയോഗിച്ചു കൂടാ? എന്നും മനേക ചോദിച്ചു. പരിപാടിയുടെ വിഡിയോ വൈറലാണിപ്പോൾ. ലഡാക് സമൂഹം സോപ്പുണ്ടാക്കാൻ കഴുതപ്പാൽ ആണ് ഉപയോഗിക്കുന്നതെന്നും അവർ സൂചിപ്പിച്ചു.

”നിങ്ങൾ ഒരു കഴുതയെ കണ്ടിട്ട് എത്ര നാളായി, അവരുടെ എണ്ണം കുറയുന്നു. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. ലഡാക്കിൽ കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ച ഒരു സമൂഹമുണ്ട്. അതിനാൽ അവർ കഴുതകളെ കറക്കാൻ തുടങ്ങി. പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കാൻ തുടങ്ങി. കഴുതപ്പാൽ ഉപയോഗിച്ച് നിർമ്മിച്ച സോപ്പുകൾ സ്ത്രീയുടെ ശരീരത്തെ എക്കാലവും സുന്ദരമായി നിലനിർത്തും”മനേക തുടർന്നു.

മരങ്ങൾ ഇല്ലാതാകുന്നതിനാൽ തടിക്ക് വില കൂടിയതായും അവർ പറഞ്ഞു. അതിനാൽ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ചെലവും വർധിച്ചു. ചാണകത്തിൽ സുഗന്ധമുള്ള വസ്തുക്കൾ ചേർത്ത് സംസ്കരിക്കാൻ ഉപയോഗിച്ചാൽ ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കുമെന്നും ​മനേക അവകാശ​പ്പെട്ടു. ചാണകവരളികൾ വിറ്റ് ആളുകൾക്ക് ലക്ഷപ്രഭുക്കളാവുകയും ചെയ്യാം. അതേസമയം, മൃഗങ്ങളെ വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

Advertisement