തമിഴ്നാട്ടിലെത്തിയ കേന്ദ്ര മന്ത്രിയോട് പാചക വാതക വില കുറയ്ക്കണമെന്ന് വീട്ടമ്മമാർ

Advertisement

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പഴയസീവരം ഗ്രാമം സന്ദർശിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർഥിച്ച് വീട്ടമ്മമാർ. 2024 ലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിടാൻ സഹമന്ത്രി എൽ.മുരുകനോടൊപ്പം എത്തിയതായിരുന്നു അവർ.

ധനമന്ത്രി, പ്രദേശവാസികളുമായി സംവദിക്കുകയും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിച്ചോ എന്ന് ചോദിക്കുകയും ചെയ്തു. അതിനിടെയാണ് വീട്ടമ്മമാർ പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർഥിച്ചത്. എന്നാൽ, രാജ്യാന്തര വിപണിയാണ് പാചക വാതകത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് ധനമന്ത്രി മറുപടി നൽകി.

‘‘നമ്മുടെ രാജ്യത്ത് പാചക വാതകമില്ല. നമ്മൾ അത് ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി ചെയ്യുമ്പോൾ അവിടെ വില കൂടിയാൽ ഇവിടെയും കൂടും. അവിടെ കുറഞ്ഞാൽ ഇവിടെ കുറയും. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി ഇത് കാര്യമായി കുറഞ്ഞിട്ടില്ല’’– നിർമല സീതാരാമൻ പറഞ്ഞു.

Advertisement