ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പം അനിൽ ആന്റണി ബിജെപി ആസ്ഥാനത്തെത്തി. അംഗത്വം സ്വീകരിച്ചു. പീയുഷ് ഗോയൽ, വി.മുരളീധരൻ എന്നിവരും ബിജെപി ആസ്ഥാനത്തുണ്ട്. എ.കെ.ആന്റണി വൈകിട്ട് 5.30ന് കെപിസിസി ആസ്ഥാനത്ത് പ്രതികരിക്കുമെന്നാണ് റിപ്പോർട്ട്.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.
പിന്നീട് കോൺഗ്രസിനെ വിമർശിച്ച് പലതവണ രംഗത്തെത്തി. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന് അനിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിൻറെ ബിജെപി പ്രവേശനം കൂടുതൽ ചർച്ചയായി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനൽ ചർച്ചയിൽ അനിൽ രൂക്ഷമായി വിമർശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയർന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനിൽ വിശേഷിപ്പിച്ചത്.
കർണാടകയിൽ മറ്റ് പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ ഏതാനും വ്യക്തികൾക്കായി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.