കാമുകനൊപ്പം ജീവിക്കണം; ഭർത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി യുവതി

Advertisement

കൊല്‍ക്കത്ത: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി യുവതിയുടെ ക്രൂരത. ബംഗാളിലെ പുരുലിയയിൽ കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ജൂഡന്‍ മഹാതോ (45) ആണു കൊല്ലപ്പെട്ടത്. ജൂഡന്റെ ഭാര്യ ഉത്തര, കാമുകൻ ക്ഷേത്രപാൽ മഹാതോ എന്നിവരെ അറസ്റ്റ് ചെയ്തെന്നു പൊലീസ് അറിയിച്ചു.

ഒരുമിച്ചു ജീവിക്കാൻ തടസ്സമാകുമെന്നു മനസ്സിലായതോടെയാണു ജൂഡന്‍ മഹാതോയെ കൊലപ്പെടുത്താൻ ഭാര്യയും കാമുകനും തീരുമാനിച്ചത്. മൂര്‍ച്ചയുളള ആയുധം കൊണ്ടായിരുന്നു കൊലപാതകം. തെളിവ് നശിപ്പിക്കാനായും മൃതദേഹം വേഗം അഴുകാനായും ഉപ്പിട്ടാണു കുഴിച്ചിട്ടത്. ക്ഷേത്രപാലിന്റെ നിർദേശത്തെ തുടർന്നാണ് ഇങ്ങനെ ചെയ്തത്. മാസങ്ങളായുള്ള ആസൂത്രണത്തിനു ശേഷമാണു പദ്ധതി നടപ്പാക്കിയത്.

മാര്‍ച്ച് 26ന് മകന്‍ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പൊലീസില്‍ പരാതി നല്‍കി. ഉത്തരയെ സംശയിച്ച പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായി സമ്മതിച്ചു. ക്ഷേത്രപാലുമായി രഹസ്യബന്ധം ഉണ്ടായിരുന്നെന്നും ഒരുമിച്ചു ജീവിക്കാനാണു കൃത്യം നടത്തിയതെന്നും യുവതി മൊഴി നൽകി. കൊലപാതകത്തിന് ശേഷം ജാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന ക്ഷേത്രപാലിനെ പിന്നീടാണു പിടികൂടിയത്.