‘രാഹുൽ സംസാരിക്കുന്നത് ട്രോളന്മാരെ പോലെ’; വീണ്ടും വിമർശനവുമായി അനിൽ ആന്‍റണി

Advertisement

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും വിമർശിച്ച് അനിൽ ആന്‍റണി. രാഹുൽ സംസാരിക്കുന്നത് ട്രോളന്മാരെ പോലെയാണെന്നും ദേശീയ നേതാവിനെ പോലെയല്ലെന്നും അനിൽ ട്വീറ്റ് ചെയ്തു. ഗൗതം അദാനിക്കെതിരായ രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ചാണ് അനിലിന്‍റെ വിമർശനം.

‘ദേശീയ പാർട്ടിയുടെ മുൻ അധ്യക്ഷനെ കാണുമ്പോൾ ദുഃഖം തോന്നുന്നു. കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ സംസാരം ട്രോളന്മാരുടേത് പോലെയാണ്. രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി സംഭാവനകൾ നൽകിയ ഉയർന്ന പ്രതിഭകൾക്കൊപ്പം വളർന്നു വരുന്ന എന്‍റെ പേര് കാണുമ്പോൾ ഞാൻ വളരെ വിനയാന്വിതനാണ്. ഒരു കുടുംബത്തിന് വേണ്ടിയല്ല, ഇന്ത്യക്കും നമ്മുടെ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവർക്ക് പാർട്ടി വിടേണ്ടിവന്നു’ -അനിൽ ആന്‍റണി ട്വീറ്റ് ചെയ്തു.

അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളതെന്ന ചോദ്യമാണ് ട്വീറ്റിലൂടെ രാഹുൽ ഗാന്ധി ഇന്നും ഉയർത്തിത്. ‘അവർ സത്യം മറച്ചുവെക്കുന്നു, അതുകൊണ്ടാണ് അവർ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്! ചോദ്യം അതേപടി തുടരുന്നു – അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളത്?’