കല്യാണപന്തലിൽ വെടിയുതിർത്ത് നവവധു; പൊലീസ് കേസെടുത്തു

Advertisement

ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ നവവധു കല്യാണപന്തലിൽ വെടിയുതിർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറലായിരുന്നു. അതേസമയം പൊലീസ് നടപടി പേടിച്ച് യുവതി ഒളിവിൽ പോയതായാണ് വിവരം.

ഒരു യുവാവ് തോക്ക് ലോഡ് ചെയ്ത് വധുവിന് നൽകുന്നതും വരനൊപ്പമിരിക്കുന്ന വധു നാലു തവണ മുകളിലേക്ക് വെടിയുതിർക്കുന്നതും കാണാം. ഹത്രാസ് ജംഗ്ഷൻ പരിസരത്തുള്ള സലേംപുർ ഗ്രാമത്തിലെ ഗസ്റ്റ് ഹൗസിലായിരുന്നു വിവാഹമെന്നും വീഡിയോയിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വധുവിന്റെ കുടുംബാംഗങ്ങളെ ഉടൻ ചോദ്യം ചെയ്യുമെന്നും തോക്ക് എത്തിച്ചയാളെ കണ്ടെത്തുമെന്നും ഹത്രാസ് പൊലീസ് അഡീഷണൽ സൂപ്രണ്ട് അശോക് കുമാർ സിങ് പറഞ്ഞു.