നേതാക്കളുടെ മക്കൾ മത്സരിക്കേണ്ടെന്ന് മോദി; കർണാടക ബിജെപിയിൽ പ്രതിസന്ധി

Advertisement

ന്യൂഡൽഹി: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും ആദ്യഘട്ട സ്ഥാനാർഥികളെപ്പോലും പ്രഖ്യാപിക്കാതെ ഭരണകക്ഷിയായ ബിജെപി. സിറ്റിങ് എംഎൽഎമാരുടെയും എംപിമാരുടെയും മക്കൾ മത്സരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതം അറിയിച്ചതാണു സ്ഥാനാർഥിപ്പട്ടിക വൈകാൻ കാരണമെന്നാണു സൂചന. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥിപ്രഖ്യാപനം നേരത്തേ നടത്തി പ്രചാരണം തുടങ്ങി.

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസം കൂടി വൈകിയേക്കുമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചില മണ്ഡലങ്ങളിൽ നേരത്തേ നിശ്ചയിച്ചവരെ മാറ്റി പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കും. ഞായറാഴ്ച ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണു മോദി നീരസം പ്രകടിപ്പിച്ചത്. സിറ്റിങ് എംഎൽഎമാരുടെയും എംപിമാരുടെയും മക്കൾക്കു സീറ്റ് നൽകുന്നതിൽ താൽപര്യമില്ലെന്നു വ്യക്തമാക്കിയ മോദി, സ്ഥാനാർഥികളായി പാർട്ടി പ്രവർത്തകരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നിലപാട് കടുപ്പിച്ചതോടെ, യോഗത്തിൽനിന്നു കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പ ഇറങ്ങിപ്പോയതായി അഭ്യൂഹമുണ്ട്. നേതാക്കളുടെ മക്കൾക്കു സീറ്റ് നൽകേണ്ടെന്നു ബിജെപി തീരുമാനിച്ചാൽ, യെഡിയൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്രയുടെ സ്ഥാനാർഥിത്വം തുലാസിലാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ തിങ്കളാഴ്ച സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്തു. ഈ യോഗത്തിൽ യെഡിയൂരപ്പ പങ്കെടുത്തുമില്ല.