യുപി സ്വദേശിയായ മുഹമ്മദ് ആരിഫും സാരസ് കൊക്കും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആരിഫും കൊക്കും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നത്. കാലിന് പരിക്കേറ്റ നിലയിലാണ് സാരസ് കൊക്കിനെ 30 കാരനായ ആരിഫ് കണ്ടെത്തുന്നത്. വേദനയില്‍ പുളഞ്ഞ പക്ഷിയെ ആരിഫ് ശുശ്രൂഷിക്കുകയും തനിക്കൊപ്പം താമസിപ്പിക്കുകയും ചെയ്തു. പരിക്ക് മാറി ആരോഗ്യം വീണ്ടെടുത്ത സാരസ് കൊക്കിനെ ആരിഫ് തിരികെ വിട്ടു.
പിന്നീട് വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ കൊക്കിനെ കാണാന്‍ ആരിഫ് കഴിഞ്ഞ ദിവസം കാണ്‍പൂരിലെത്തിയിരുന്നു. യുവാവിനെ കണ്ട് സന്തോഷത്തില്‍ തുള്ളിച്ചാടുന്ന കൊക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സൗഹൃദത്തെ തകര്‍ത്താണ് സാരസ് കൊക്കിനെ കാണ്‍പൂരിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ആരിഫ് കാണാനെത്തിയപ്പോള്‍ കൂട്ടില്‍ നിന്ന് ചിറകുവിടര്‍ത്തിയും ചാടിയുമാണ് സാരസ് കൊക്ക് സന്തോഷം പ്രകടിപ്പിച്ചത്.
മനുഷ്യരോട് പൊതുവേ ഇണങ്ങാത്ത പ്രകൃതമാണ് സാരസ് കൊക്കുകള്‍ക്ക്. അതുകൊണ്ട് പക്ഷി തിരികെ വരില്ലെന്നാണ് ആരിഫ് കരുതിയത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി സാരസ് കൊക്ക് തിരികെ വന്നു. അന്നുമുതല്‍ തുടങ്ങിയ സൗഹൃദമാണ് ആരിഫും പക്ഷിയും തമ്മില്‍.