കശ്മീരിൽ നിന്ന് ശബരിമലവരെ കാൽനട; 3979 കിലോമീറ്റർ യാത്ര, 111 ദിവസം

Advertisement

ശബരിമല: കശ്മീരിൽ നിന്നു കാൽനടയായി 111 ദിവസം കൊണ്ട് 3979 കിലോമീറ്റർ താണ്ടി സന്നിധാനത്ത് എത്തി അയ്യപ്പദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു കാസർകോട് സ്വദേശികളായ കെ.നളിനാക്ഷൻ (50), പ്രഭാകരൻ മണിയാണ്ടി (41) എന്നീ തീർഥാടകർ. കാസർകോട് ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപം കൂടൽ രാംദാസ് നഗറിൽ നളിനാക്ഷൻ, പ്രഭാകരൻ മണിയാണ്ടി എന്നിവർ കശ്മീർ വൈഷ്ണോദേവി ക്ഷേത്രത്തിൽ നിന്ന് ഇരുമുടിക്കെട്ടു നിറച്ചു ഡിസംബർ അഞ്ചിന് പുറപ്പെട്ടു.

ഇന്നലെയാണു സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം നടത്തിയത്. കാസർകോട് നിന്നു മൂന്ന് തവണ കാൽനടയായി ശബരിമല എത്തി ദർശനം നടത്തിയ കരുത്തുമായാണ് ഇവർ യാത്രാ പദ്ധതിയിട്ടത്. നളിനാക്ഷൻ ഡ്രൈവറാണ്. പ്രഭാകരൻ വീട് പണിയുന്ന മേസ്തിരിയും. ദിവസം 30 മുതൽ 45 വരെ കിലോമീറ്റർ നടക്കും. ദേശീയപാതയുടെ തീരത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിലോ ലോറി ഡ്രൈവർമാർക്കു വിശ്രമിക്കാനുള്ള സ്ഥലത്തോ രാത്രി ചെലവഴിക്കും. ജയ്പൂരിലൂടെ നടക്കവേ കോഴഞ്ചേരി വാഴക്കുന്നം ചെറുകോൽ ചെറുകുളത്ത് സദാശിവനെ കണ്ടുമുട്ടിയത് ഇവർ‌ക്കു സഹായമായി.

അതിശക്തമായ തണുപ്പിൽ സ്വെറ്റർ പോലും ഇല്ലാതെ യാത്ര ചെയ്ത ഇരുവർക്കും സ്വെറ്റർ അടക്കം വാങ്ങി നൽകി. അന്നു രാത്രി അദ്ദേഹത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഭക്ഷണ സാധനങ്ങളും വാങ്ങി നൽകിയാണു യാത്രയാക്കിയത്. മലയാളി സമാജങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കു വേണ്ട സൗകര്യങ്ങൾ നൽകുന്നതിനുള്ള ക്രമീകരണവും അദ്ദേഹം ഒരുക്കി. വിഷുവിനു നട തുറക്കുമ്പോൾ അയ്യപ്പ ദർശനത്തിനായി ഇവർ എത്തുന്നത് അറിഞ്ഞു സദാശിവൻ ജയ്പൂരിൽ നിന്ന് ഇന്നലെ പമ്പയിൽ വന്നു.

എട്ടു സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണു പമ്പയിൽ എത്തിയത്. രാജസ്ഥാനിൽ 32 കിലോമീറ്റർ ദൂരം ഒരു ദിവസം മുഴുവൻ കൊടുംവനത്തിലൂടെ യാത്ര ചെയ്യേണ്ടിവന്നതു ഭീതിയോടെയാണു നളിനാക്ഷൻ ഓർക്കുന്നത്. അതേസമയം, മനസ്സിൽ അയ്യപ്പ രൂപവും നാവിൽ ശരണമന്ത്രവും ആയതിനാൽ മറ്റൊന്നും അപ്പോൾ ഓർത്തില്ല. ഇപ്പോൾ ഓർക്കുമ്പോഴാണു ഭീതി തോന്നുന്നത്….ഇവർ പറയുന്നു.

Advertisement