ന്യൂഡൽഹി: ബി.ജെ.പി സർക്കാർ ആം ആദ്മി പാർട്ടിയെ മനഃപൂർവം ലക്ഷ്യം വെക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യാൻ സി.ബി.ഐ വിളിപ്പിച്ചതിനു പിന്നാലെ പാർട്ടി ഓഫിസിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നിലേക്കെത്തൊനാണ് ആം ആദ്മി പാർട്ടിയിലെ പദവിയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള മന്ത്രിമാരെ ലക്ഷ്യമിട്ടത്. അവരെ ലക്ഷ്യമിട്ടപ്പോൾ തന്നെ അടുത്തത് താനായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും കെജ്‍രിവാൾ പറഞ്ഞു.
റെയ്ഡുകളിൽ ഒന്നും കിട്ടാതായപ്പോൾ, ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഉപയോഗിച്ചുവെന്നാണ് ആരോപണം. അതിനെന്താണ് തെളിവുള്ളത്. ഞങ്ങൾ എല്ലാ ഇടപാടുകളും ചെക്ക് മുഖേനയാണ് നടത്തിയത്. ഞങ്ങൾക്ക് ഒരു ചില്ലിക്കാശെങ്കിലും അനധികൃതമായി ലഭിച്ചുവെന്ന് തെളിയിക്കാൻ കഴിയുമോയെന്ന് വെല്ലുവിളിക്കുകയാണ്. ഒരു തെളിവുമില്ലാതെ പ്രധാനമന്ത്രി എനിക്ക് സെപ്റ്റംബർ 17ാം തീയതി ഏഴുമണിക്ക് 1000 കോടി രൂപ നൽകിയെന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോയെന്നും കെജ്രിവാൾ ചോദിച്ചു.
രാഷ്ട്രീയ എതിരാളികൾക്കുള്ള ആയുധമായി ഇ.ഡിയെയും സി.ബി.ഐയെയും ഉപേയാഗിക്കുകയാണ് മോദി സർക്കാർ. കുറ്റം സമ്മതിപ്പിക്കുന്നതിനായി തടവിലിട്ടവരെ ക്രൂരമായി പീഡിപ്പിച്ചു. എങ്ങനെ നിങ്ങളുടെ പെൺമക്കൾ നാളെ രാവിലെ കോളജിൽ പോകുമെന്ന് കാണട്ടെയെന്ന് ആക്രോശിച്ചാണ് പീഡനങ്ങൾ തുടരുന്നത്. മാസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനിടെ നടത്തിയ അറസ്റ്റിനിടെ തന്റെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയക്കെതിരെ അന്വേഷണ ഏജൻസികൾക്ക് ഒരു ചെറിയ തെളിവു പോലും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.