നരേന്ദ്ര മോദിയുടെ വേഷത്തിൽ നീൽഗായ്ക്ക് ഭക്ഷണം നൽകി; കോമേഡിയൻ ശ്യാം രംഗീലയ്ക്ക് ചട്ടലംഘനത്തിന് നോട്ടീസ്

Advertisement

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതിന് സമാനമായ വസ്ത്രം ധരിച്ച്, ജലാന പുള്ളിപ്പുലി സങ്കേതത്തിൽ നീൽഗായ് മൃഗത്തിന് ഭക്ഷണം നൽകുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജയ്പൂർ റീജ്യണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരാകാൻ കോമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീലയ്ക്ക് നോട്ടീസ്. കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ അടുത്തിടെ നടന്ന ജംഗിൾ സഫാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം ധരിച്ച് മൃഗത്തിന് ഭക്ഷണം നൽകുന്ന ഒരു വീഡിയോയാണ് ശ്യാം രംഗീല പുറത്ത് വിട്ടത്.

ജയ്പൂരിലെ ജലാനയിലെ സഫാരിക്കിടെയാണ് ശ്യാം നീൽഗായ്ക്ക് ഭക്ഷണം നൽകിയത്, വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ലംഘിച്ചതിനാണ് ശ്യാമിന് നോട്ടീസ് അയച്ചതെന്ന് വനം വകുപ്പ് അറിയിച്ചു. നീൽഗായ്ക്ക് ഭക്ഷണം നൽകുന്ന ശ്യാമിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോയിൽ കർണാടകയിലെ ജംഗിൾ സഫാരിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചതിന് സമാനമായ രീതിയിലും രൂപത്തിലും തൊപ്പിയും സൺഗ്ലാസും അരക്കൈയുള്ള ജാക്കറ്റും ധരിച്ചാണ് ശ്യാം പ്രത്യക്ഷപ്പെട്ടത്. ശ്യാമിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഏപ്രിൽ 13 ന് ശ്യാം രംഗീല എന്ന യൂട്യൂബ് ചാനലിലാണ് ജലാന പുള്ളിപ്പുലി സങ്കേതത്തിൻറെ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് ജയ്പൂർ റീജിയണൽ ഫോറസ്റ്റ് ഓഫീസർ ജനേശ്വർ ചൗധരി പറഞ്ഞു. വീഡിയോയിൽ ശ്യാം തൻറെ കാറിൽ നിന്നും ഇറങ്ങി ഒരു നീൽഗായ് മൃഗത്തിന് കൈകൊണ്ട് ഭക്ഷണം നൽകുന്നത് കാണാം. വന്യമൃഗങ്ങൾക്ക് തീറ്റ നൽകുകയോ ഭക്ഷണം നൽകുകയോ ചെയ്യുന്നത് 1953 -ലെ വനനിയമം, 1972-ലെ വന്യജീവി സംരക്ഷണ നിയമം എന്നിവയുടെ ലംഘനമാണ്.

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് മ‍ൃഗങ്ങൾക്ക് ഗുരുതരമായ രോഗങ്ങളും അണുബാധയ്ക്കും കാരണമാകുകയും അത് വന്യമൃഗങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തേക്കാമെന്നതിനാലാണ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ജലാന വന്യജീവി സങ്കേതത്തിൽ വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ശ്യാം, കുറ്റം ചെയ്യുക മാത്രമല്ല അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുക കൂടി ചെയ്തെന്നും ഇത് മറ്റുള്ളവരെ കൂടി ക്രിമിനൽ പ്രവർത്തി ചെയ്യാൻ പ്രേരിപ്പിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് നോട്ടീസ് അയച്ചതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി മുൻകൂർ നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

Advertisement