പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു,പശ്ചിമ ബംഗാളിൽ സംഘർഷം

Advertisement

കൊല്‍ക്കൊത്ത.പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം. പെൺകുട്ടിയുടെ മൃതദേഹം വലിച്ചിഴച്ചു എന്ന് ആരോപിച്ചു ജനകൂട്ടവും പോലീസും തമ്മിൽ ഏറ്റു മുട്ടി. സംഘർഷ സാഹചര്യം തുടരുന്ന പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.

ഉത്തർ ദിനാജ്പൂർ ജില്ലയിലെ കാളിഗഞ്ചിൽ ആണ്‌ പ്രായ പൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കനാലിന് സമീപത്ത് കണ്ടെത്തിയത്.പോസ്റ്റ്മാർട്ടത്തിനയക്കാനായി പൊലീസ് മൃതദേഹവുമായി നീങ്ങിയപ്പോൾ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടം കല്ലെറിയുകയായിരുന്നു.

പോലീസ് മൃതദേഹം വലിച്ചിഴച്ചു എന്ന് ആരോപിച്ചാണ് ജനക്കൂട്ടം അക്രമസക്തരായത്.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസ് ലാത്തി വീശി കണ്ണീർ വാതക ഗ്രനേഡും പ്രയോഗിച്ചു.

സംഘർഷാവസ്ഥ തുടരുന്ന പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ആൾക്കൂട്ടത്തെ മാറ്റി പെൺകുട്ടിയുടെ മൃത​ശരീരം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതിനാൽ തെളിവുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ദിൻജാപൂർ എസ്.പി സന അക്തർ പറഞ്ഞു.വിഷം അകത്ത് ചെന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും, രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. ട്യൂഷനായി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു എന്ന് വീട്ടുകാർ അറിയിച്ചു.രാത്രി മുഴുവൻ പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും, കണ്ടെത്താൻ ആയിരുന്നില്ല.അടുത്ത ദിവസം രാവിലെയാണ് കനാലിലെ സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

ഇരയുടെ കുടുംബത്തെ കാണാൻ പശ്ചിമബംഗാൾ പൊലീസ് അനുവദിച്ചില്ലെന്ന് ബിജെപി ആരോപിച്ചു.

എന്നാൽ ബിജെപിയുടെ ഗൂഢാലോചനയാണ് സംഘർഷത്തിന് പിന്നിലെന്ന പ്രത്യാരോപണവുമായി തൃണമൂൽ കോൺഗ്രസ്സും രംഗത്ത് വന്നു

Advertisement