ഗഡ്ചിരോലി(മഹാരാഷ്ട്ര): ആദിവാസി കുട്ടികളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരവും പോക്ഷകാംശവും തിരിച്ചറിയാൻ എ.ഐ യന്ത്രവുമായി മഹാരാഷ്ട്ര സർക്കാർ. ആദിവാസി കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലിയിലെ എടപ്പള്ളി ടോഡ്സ ആശ്രം സ്‌കൂളിലാണ് എ.ഐ യന്ത്രം സ്ഥാപിച്ചത്. വിദ്യാർഥികൾ ഭക്ഷണ പ്ലേറ്റുമായി നിൽക്കുന്ന ഫോട്ടോ മെഷീൻ എടുക്കുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം നിർണയിക്കുകയും ചെയ്യുന്നതാണ് രീതി. ആളുകളുടെ യാതൊരു ഇടപെടലും ഇല്ലാതെയാണ് യന്ത്രം ഇക്കാര്യം കണ്ടെത്തുക.
ഗഡ്‌ചിരോലിയിലെ ആദിവാസി വിഭാഗത്തിന്റെ പോക്ഷകാഹാരകുറവ് പരിഹരിക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കിയത്. ആദിവാസി മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് റസിഡൻഷ്യൽ വിദ്യാഭ്യാസവും ഭക്ഷണവും സർക്കാർ നൽകുന്നുണ്ട്. എങ്കിലും കുട്ടികൾ ഇപ്പോഴും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരിന്റെ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമായി എൻ.ജി.ഒ, സ്റ്റാർട്ടപ്പ് എന്നിവയുടെ സഹായത്തോടെയാണ് സ്കൂളിൽ യന്ത്രം സ്ഥാപിച്ചത്. പ്രാദേശിക വിവരങ്ങൾ, ആദിവാസി മേഖലയിലെ ഭക്ഷണം, ഭക്ഷണത്തിന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ യന്ത്രത്തിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ ഭക്ഷണ പാത്രത്തിനൊപ്പമുള്ള ചിത്രം യന്ത്രം പകർത്തും. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഈ ഭക്ഷണം ലഭിച്ച കുട്ടി, കുട്ടിയ്ക്ക് വേണ്ടുന്ന ഭക്ഷണത്തിന്റെ മതിയായ അളവ് എന്നിവ യന്ത്രം തിരിച്ചറിയും. ഒരേ പ്ലേറ്റ് ഭക്ഷണം ആവർത്തിച്ച് കാണിച്ചാൽ അതും യന്ത്രത്തിന് മനസിലാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അൽഗോരിതം ആണ് യന്ത്രത്തിൽ ഉപയോഗിക്കുന്നത്- അധികൃതർ പറഞ്ഞു.
പദ്ധതിക്ക് കീഴിൽ പ്രദേശത്തെ എട്ട് സർക്കാർ സ്കൂളുകളാണ് ഉൾപ്പെടുന്നത്. ബോഡി മാസ് ഇന്റക്സ് പ്രകാരം 222 പെൺകുട്ടികളിൽ 61 പേർ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി കണ്ടെത്തി. ഇത് എങ്ങിനെ പരിഹരിക്കുമെന്ന ആലോചനയിൽ നിന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യന്ത്രം സ്ഥാപിക്കാമെന്ന ധാരണയിലെത്തിയത്- സബ് കലക്ടറും പ്രോജക്ട് ഡയറക്ടറുമായ ശുഭം ഗുപ്ത പറഞ്ഞു. യന്ത്രത്തിന്റെ പ്രവർത്തനത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കുട്ടികളുടെ ആരോഗ്യ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും ഗുപ്ത പറഞ്ഞു.