ചെന്നൈ: ഇനി മുതൽ കല്യാണങ്ങളിലും വീട്ടിലെ ചടങ്ങുകളിലും മറ്റും ധൈര്യമായി മദ്യം വിളമ്പാം. സർക്കാരിന്റെ ലൈസൻസ് നേടിയാൽ മാത്രം മതി. തമിഴ്‌നാട് സർക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഹോം, പ്രൊഹിബിഷൻ ആന്റ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ മാസം പ്രത്യേക ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ക്ളബുകൾക്കും സ്റ്റാർ ഹോട്ടലുകൾക്കും മാത്രമായിരുന്നു മദ്യം വിളമ്പാനുള്ള ലൈസൻസ് നൽകിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം കോൺഫറൻസ് ഹാളുകൾ, കൺവെൻഷൻ സെന്ററുകൾ, ബാൻക്വറ്റ് ഹാളുകൾ, സ്‌പോർട്ട് സ്റ്റേഡിയങ്ങൾ, വീട്ടുച്ചടങ്ങുകൾ, ദേശീയ- അന്തർദേശീയ സമ്മേളനം, ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവിടങ്ങിൽ മദ്യം സൂക്ഷിക്കുകയും അതിഥികൾക്കും പങ്കെടുക്കുന്നവർക്കും വിളമ്പുകയും ചെയ്യാം.
കുറച്ചുദിവസത്തേയ്ക്ക് മാത്രമായിരിക്കും ലൈസൻസിന് സാധുത ഉണ്ടായിരിക്കുക. ലൈൻസൻസ് ഫീസ് ഒടുക്കിയതിനുശേഷം കളക്‌ടറുടെ അനുമതി ലഭിച്ചുകഴിഞ്ഞ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറോ അസിസ്റ്റന്റ് കമ്മിഷണറോ ആയിരിക്കും ലൈസൻസ് അനുവദിക്കുക. പരിപാടി നടക്കുന്നതിന് ഏഴ് പ്രവർത്തി ദിവസം മുൻപ് ലൈസൻസിനായി ഓൺലൈനായി അപേക്ഷ നൽകണം.
അപേക്ഷാ ഫീസ്
വാണിജ്യ സ്ഥാപനങ്ങൾക്ക്, വാർഷിക രജിസ്ട്രേഷൻ ഫീസും ഒരു പരിപാടിയ്ക്ക് പെർമിറ്റ് നൽകുന്നതിന് പ്രതിദിന ഫീസുമാണ് ഉള്ളത്. കോർപ്പറേഷനുകളിലെ പരിപാടികൾക്ക് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റികളിൽ 75,000 രൂപയും മറ്റ് സ്ഥലങ്ങളിൽ 50,000 രൂപയുമാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രത്യേക ലൈസൻസ് ലഭിക്കുന്നതിന് വാർഷിക രജിസ്ട്രേഷൻ ഫീസ്.
ഒരു പരിപാടി നടത്തുന്നതിനുള്ള പെർമിറ്റ് നൽകുന്നതിന് പ്രതിദിനം 11,000 രൂപ ( കോർപ്പറേഷനുകളിൽ), 7,500 രൂപ (മുനിസിപ്പാലിറ്റികളിൽ), 5,000 രൂപ (മറ്റിടങ്ങളിൽ) എന്നിങ്ങനെയാണ് ഫീസ് നൽകേണ്ടത്. ഗാർഹിക ആഘോഷങ്ങളിൽ വാണിജ്യേതര സ്ഥലങ്ങളിൽ “ഒറ്റത്തവണ” കൈവശം വയ്ക്കുന്നതിനും മദ്യം വിതരണം ചെയ്യുന്നതിനുമുള്ള പ്രത്യേക ലൈസൻസ് 11,000 രൂപ (കോർപ്പറേഷനുകളിൽ), 7,500 രൂപ (മുനിസിപ്പാലിറ്റികളിൽ), 5,000 രൂപ (മറ്റു സ്ഥലങ്ങൾ) എന്നിങ്ങനെയാണ് ഒടുക്കേണ്ടത്.