പരീക്ഷയിലെ തോല്‍വി: ആന്ധ്രയില്‍ 9 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Advertisement

പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ ആന്ധ്രയില്‍ ഒന്‍പത് വിദ്യാര്‍ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സംസ്ഥാന ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തിലാണ് കുട്ടികള്‍ ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ചയാണ് പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവന്നത്. ആദ്യ വര്‍ഷത്തില്‍ 61 ശതമാനമാണ് വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍ 72 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരീക്ഷയില്‍ പത്തുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ തോറ്റതിന്റെ മനോവിഷമത്തിലാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീകാക്കുളം ജില്ലയില്‍ 17കാരനായ തരുണ്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. പതിനൊന്നാം ക്ലാസ് പരീക്ഷയിലെ തോല്‍വിയാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വിശാഖപട്ടണത്ത് 18കാരനായ ജഗദീഷിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ചിറ്റൂരില്‍ 17കാരിയായ അനുഷ തടാകത്തില്‍ ചാടി മരിക്കുകയായിരുന്നു.