ബോളിവുഡ് നടി ജിയാ ഖാന്റെ മരണം:10 വര്‍ഷത്തിന് ശേഷം നടന്‍ സൂരജ് പഞ്ചോളി കുറ്റവിമുക്തന്‍

Advertisement

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ കോടതി കുറ്റവിമുക്തനാക്കി. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് സൂരജ് പഞ്ചോളിയെ വെറുതെവിട്ടത്. സംഭവം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.
2013 ജൂണ്‍ മൂന്നിനാണ് 25കാരിയായ ജിയാ ഖാനെ മുംബൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയാ ഖാന്‍ എഴുതിയ കുറിപ്പ് കണ്ടെടുത്തിരുന്നു. കാമുകനായിരുന്ന സൂരജ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് കത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജിനെ അറസ്റ്റ് ചെയ്തു. ജിയ ജീവനൊടുക്കിയതാണെന്നായിരുന്നു മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ജിയയുടേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു.
22 സാക്ഷികളെയാണ് വിസ്തരിച്ചത്. ജിയയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് സൂരജാണെന്ന് ഒരു സാക്ഷിയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ജിയയുടെ മരണത്തില്‍ സൂരജ് പഞ്ചോളിയുടെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

Advertisement