മെട്രോയിൽ പാവാട ധരിച്ച് യുവാക്കൾ; വൈറലായി വിഡിയോ

Advertisement

വസ്ത്രധാരണത്തിലെ ലിംഗസമത്വം എപ്പോഴും ചർച്ചയാകാറുണ്ട്. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ താത്പര്യമാണ്. ഡൽഹി മെട്രോയിൽ പാവാട ധരിച്ച് യാത്രചെയ്യുന്ന രണ്ട് യുവാക്കളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാവാടയും ടീഷർട്ടും ധരിച്ചെത്തുന്ന യുവാക്കളെ അദ്ഭുതത്തോടെ നോക്കുന്ന സഹയാത്രികരെയും വിഡിയോയിൽ കാണാം.

ഇൻസ്റ്റഗ്രാം യൂസറായ സമീർ ഖാനാണ് വിഡിയോ പങ്കുവച്ചത്. ‘ഡൽഹി മെട്രോയിൽ പാവാട ധരിച്ചെത്തിയപ്പോൾ’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നീലയും പിങ്കും ടീഷർട്ടുകളും പാവാടയും ധരിച്ച് രണ്ടു പുരുഷന്മാർ ഡൽഹി മെട്രോയിലേക്കു കയറുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. കഴുത്തിൽ മാലയും സൺഗ്ലാസും അവർ ധരിച്ചിട്ടുണ്ട്. തുടർന്ന് സഹയാത്രികരുടെ പ്രതികരണവും വിഡിയോയിൽ കാണാം.

ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോ ഇപ്പോൾ വൈറലാണ്. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഇത് വളരെ കംഫർട്ടബിൾ ആണ്. വ്യത്യസ്തവും സ്റ്റൈലിഷും ആണ്. എന്തുകൊണ്ടാണ് എല്ലാവരും ഇത് ധരിക്കാത്തത്?’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘ലുങ്കി ധരിക്കാമെങ്കിൽ എന്തുകൊണ്ട് പാവാട ധരിക്കാൻ സാധിക്കില്ല. പാവാട വളരെ അനുയോജ്യമാണ്.’– എന്നാണ് വിഡിയോയ്ക്കു താഴെ മറ്റൊരാൾ കമന്റ് ചെയ്തത്. ‘പെൺകുട്ടികൾ പാന്റ്സ് ധരിക്കുന്നുണ്ടെങ്കിൽ ആൺകുട്ടികൾക്കു പാവാടയും ആകാം. നിങ്ങൾ അത് ചെയ്തു. അഭിനന്ദനങ്ങൾ.’– എന്ന രീതിയിലും കമന്റുകൾ എത്തി.

Advertisement