മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്

Advertisement

കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു ചികില്‍സയിലിരിക്കെ മരണമടഞ്ഞ തമിഴ് നടനും സംവിധായകനുമായ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് താരങ്ങള്‍. തമിഴ് സൂപ്പര്‍താരം വിജയ് മനോബാലയുടെ ചെന്നൈയിലെ വീട്ടില്‍ നേരിട്ട് എത്തിയാണ് ആദരവ് അര്‍പ്പിച്ചത്.
താരം മനോബാലയെ അവസാനമായി കാണാന്‍ എത്തിയതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമയ്ക്കു പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. ബിഗിലിലാണ് അവസാനമായി ഒന്നിച്ചെത്തിയത്.
വിജയ് സേതുപതി, സിദ്ധാര്‍ഥ്, ആര്യ, ഭരത്, മണിരത്നം, ശരത്കുമാര്‍, രേഖ തുടങ്ങിയ നിരവധി താരങ്ങള്‍ മനോബാലയെ നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. രജനീകാന്തും, കമന്‍ഹാസനും മമ്മൂട്ടിയും ഉള്‍പ്പടെ നിരവധി താരങ്ങളാണ് മനോബാലയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. അടുത്ത സുഹൃത്ത് മനോബാലയുടെ വേര്‍പാടില്‍ അതിയായ ദുഃഖമുണ്ട് എന്നാണ് രജനീകാന്ത് കുറിച്ചത്. മനോബാലയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മമ്മൂട്ടി ആദരാഞ്ജലി അര്‍പ്പിച്ചത്. നടന്‍ ജയറാം മനോബാലയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

Advertisement