‘എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ….’ മേരി കോമിന്റെ ട്വീറ്റ്

Advertisement

മെയ്തി സമുദായത്തിനു പട്ടികവര്‍ഗ പദവി നല്‍കിയതിനെ ചൊല്ലി മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു. സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് വ്യക്തമാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യവും അസം റൈഫിള്‍സും ചേര്‍ന്നു ഫ്‌ലാഗ് മാര്‍ച്ച് നടത്തി. അക്രമത്തെ തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സര്‍ക്കാര്‍ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്.
രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ്‌തേയി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. ഒരാഴ്ചയായിട്ടും പ്രതിഷേധത്തെ അണയ്ക്കാന്‍ സര്‍ക്കാരിനായിട്ടില്ല. മണിപ്പൂരിലെ സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബോക്‌സിംങ് ഇതിഹാസം മേരി കോം രംഗത്ത് വന്നിരുന്നു.”എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ.” മേരി കോമിന്റെ ട്വീറ്റ് നിരവധിപ്പേരാണ് പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് ട്വീറ്റ്.

Advertisement