ഓടുന്ന ബൈക്കിൽ മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ വൈറൽ. ഝാർഖണ്ഡിലെ സ്റ്റാർസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വൈറലായി. യുവതികൾ തമിഴ്നാട് രജിസ്ട്രേഷനുള്ള ബൈക്കിലാണ് യാത്ര ചെയ്യുന്നത്. പിന്നീട് ഈ അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പട്ട വീഡിയോ ചില യൂറ്റ്യൂബ് ചാനലുകൾ വഴി വീണ്ടും പ്രചരിപ്പിക്കപ്പെട്ടു.
ബൈക്ക് സ്റ്റണ്ട് ക്ലിപ്പിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ പ്ലേറ്റുള്ള ഹീറോ സ്‌പ്ലെൻഡർ ബൈക്കാണ് യുവതികൾ ഓടിക്കുന്നത്. ബൈക്ക്, വിശാലവും സമതലവുമായ ഒരു പ്രദേശത്ത് കൂടിയുള്ള റോഡിലൂടെ അത്യാവശ്യം വേഗത്തിലാണ് പോകുന്നത്. ഹെൽമെറ്റ് ഇല്ലാത്ത യുവതികളിൽ ഒരാൾ ബൈക്കിൻറെ പെട്രോൾ ടാങ്കിന് മുകളിലാണ്. മറ്റേയാൾ ബൈക്ക് ഓടിക്കുന്നു. എന്നാൽ ആരും തന്നെ ബൈക്കിൻറെ ഹാൻറിൽ നിയന്ത്രിക്കുന്നില്ല. ഒരു യുവതിയുടെ കാലുകൾ ബൈക്കിൻറെ ബാക്ക് ബ്രേക്കിലും ക്ലച്ചിലുമാണ്. ബൈക്ക് അത്യാവശ്യം വേഗത്തിലാണെങ്കിലും ബാലൻസിലാണ് പോകുന്നത്. ബൈക്ക് പോകുമ്പോൾ യുവതികൾ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇരുവരും ഏറെ ആസ്വദിച്ചാണ് യാത്ര ചെയ്യുന്നതെന്ന് വീഡിയോയിൽ കാണാം.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതികൾക്കെതിരെ കേസെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആവശ്യമുയർന്നു. യുവതികൾക്കെതിരെ നിയമ നടപടി എടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. വീഡിയോയിൽ യുവതികൾ ആരാണെന്ന സൂചനകളില്ലെങ്കിലും അവർ സ്വവർഗാനുരാഗികളാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ ആരോപണം ഉന്നയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു യുവാവും യുവതിയും ഇത്തരത്തിൽ അപകടകരമായ രീതിയിൽ ബൈക്കിലിരുന്ന് പരസ്പരം ചുംബിച്ച് യാത്ര ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ പോലീസ് കേസെടുക്കുകയും ഹർഷ് തിവാരി എന്ന 19 ന് കാരനെതിരെ 8,800 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം പൊതു സുരക്ഷയെ അപകടപ്പെടുത്തുന്നതോ സ്വയം അപകടപ്പെടുത്തുന്നതോ ആയ സ്റ്റണ്ടുകൾ ചെയ്യുന്നതോ അത്തരത്തിലുള്ള മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഇന്ത്യയിൽ നിരോധനമുണ്ട്. 194-ാം വകുപ്പ് അനുസരിച്ചാണ അത്തരം റോഡ് സുരക്ഷാ ലംഘനങ്ങൾക്ക് പഴ ഈടാക്കുന്നത്.