ഇന്ദിരയുടെ വഴിയേ പ്രിയങ്കയും; തെലങ്കാനയിൽനിന്ന് ലോക്‌സഭയിലേക്കു മത്സരിക്കാൻ ആലോചന

Advertisement

ഹൈദരാബാദ്: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തെലങ്കാനയിൽനിന്ന് ആദ്യമായി ലോക്‌സഭയിലേക്കു മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ പാത പിന്തുടർന്ന് തെലങ്കാനയിലെ മേദക്കിലോ,മെഹബൂബ് നഗറിലോ പ്രിയങ്ക മത്സരിക്കാനാണ് സാധ്യതയെന്നാണു ന്യൂഇന്ത്യ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുകയാണെന്നാണു സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

1980ൽ നിർണായക തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി വിജയിച്ച മണ്ഡലമാണ് മേദക്ക്. അടിയന്തരവാസ്ഥയ്ക്കു ശേഷമുള്ള പ്രതിസന്ധികൾക്കിടയിലും മേദക്ക് ഇന്ദിരയ്‌ക്കൊപ്പം നിന്നിരുന്നു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പൊതുതിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതല പ്രിയങ്കയ്ക്കായിരിക്കും. കർണാടക തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഓരോ 20 ദിവസത്തിനുള്ളിലും പ്രിയങ്ക ഒരു പ്രാവശ്യമെങ്കിലും തെലങ്കാനയിൽ സന്ദർശനം നടത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 20 പൊതുയോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. മേയ് എട്ടിന് സരൂർ നഗറിലാണ് ആദ്യ പൊതുയോഗം.