കേരള സ്റ്റോറി സിനിമ നിരോധിച്ച് ബംഗാൾ

Advertisement

കൊൽക്കത്ത: വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണു സിനിമ നിരോധിക്കുമെന്നു പ്രഖ്യാപിച്ചത്.

‘‘വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിലനിർത്താനാണു നിരോധനം’’– മമത വ്യക്തമാക്കി. കശ്മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമയ്ക്കു ബിജെപി പണം മുടക്കുന്നുവെന്നു മമത ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു കേരള സ്റ്റോറി നിരോധിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. തിയറ്ററുകളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് മമത നിർദേശം നൽകി.

ക്രമസമാധന പ്രശ്നങ്ങളും പ്രേക്ഷകരുടെ കുറവും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദർശനം തമിഴ്നാട്ടിലെ മൾട്ടിപ്ലെക്സുകൾ റദ്ദാക്കിയിരുന്നു. റിലീസ് ദിവസം ‘ദ് കേരള സ്റ്റോറി’ കേരളത്തിൽ 20 തിയറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രതിഷേധമുണ്ടായി. സംസ്ഥാനത്തെങ്ങും പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.