തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ (സിഎഒ) ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം ഓഫിസിലേക്കു മാറ്റിയ നടപടി റെയിൽവേ ബോർഡ് ഇടപെട്ട് റദ്ദാക്കി. ആകെയുള്ള രണ്ട് ചീഫ് എൻജിനീയർ തസ്തികകളിലൊന്നു ചെന്നൈയിലേക്കു മാറ്റിയതാണു വിവാദമായത്.
ചീഫ് അഡ്മിനിട്രേറ്റീവ് ഓഫിസറും ചീഫ് എൻജിനീയർ (സൗത്ത്) ജൂണിൽ വിരമിക്കാനിരിക്കെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക കൂടി ഇല്ലാതായാൽ കേരളത്തിലെ റെയിൽവേ പദ്ധതികളുടെ മേൽനോട്ടം അവതാളത്തിലാകുമായിരുന്നു. റെയിൽവേ മന്ത്രി തന്നെ പ്രത്യേക താൽപര്യമെടുത്തു പാതകളിലെ വേഗം കൂട്ടാനുള്ള പദ്ധതികൾ കേരളത്തിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നതു പദ്ധതികളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ചെന്നൈയിലെ നിർമാണ വിഭാഗം ഓഫിസിൽ ആറ് ചീഫ് എൻജിനീയർമാരുടെ തസ്തിക ഉള്ളപ്പോളാണു കേരളത്തിന്റെ തസ്തിക അവിടേക്കു മാറ്റി മേയ് രണ്ടിന് ഉത്തരവിട്ടത്. ഇത് റദ്ദാക്കിയെന്നു കാണിച്ചുള്ള പുതിയ ഉത്തരവ് ഇന്നു പുറത്തുവന്നിട്ടുണ്ട്.