ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാരിൽ 48 ശതമാനത്തിനും മോശം മാനസികാരോഗ്യ സാധ്യത

Advertisement

ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ 48 ശതമാനത്തിലധികം പേർക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് സർവേ. പുരുഷ ജീവനക്കാരെ(41 %) അപേക്ഷിച്ച് സ്ത്രീകൾക്കാണ്(56 %) ഇതിനുള്ള സാധ്യത അധികമെന്നും മനഃശാസ്ത്ര സർവേ പറയുന്നു. ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ പത്ത് കോർപ്പറേറ്റ് മേഖലകളിൽ തൊഴിലെടുക്കുന്ന 3000 ജീവനക്കാരെ ഉൾപ്പെടുത്തി ആദിത്യ ബിർല എജ്യുക്കേഷൻ ട്രസ്റ്റിൻറെ എംപവർ പദ്ധതിയാണ് സർവേ നടത്തിയത്.

മാനസികാരോഗ്യത്തിൻറെ കാര്യത്തിൽ ഏറ്റവുമധികം അപകട സാധ്യത ഇ-കൊമേഴ്സ്(64 %) മേഖലയിലാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. എഫ്എംസിജി(56 % ), ഓട്ടോമൊബൈൽ & ഹെൽത്ത്കെയർ(55 % ), ഹോസ്പിറ്റാലിറ്റി(53% ), ബിപിഒ(47 % ), ബാങ്കിങ് (41% ), വിദ്യാഭ്യാസം(39 %), ഐടി(38 % ), ഡ്യൂറബിൾസ് (31 %) എന്നിങ്ങനെയാണ് മറ്റ് കോർപ്പറേറ്റ് മേഖലകളിലെ മാനസികാരോഗ്യത്തെ സംബന്ധിച്ച അപകട സാധ്യത. ജോലി സ്ഥലത്തെ സമ്മർദം തങ്ങളുടെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി 50 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

സീനിയർ അസോഷ്യേറ്റ് വൈസ് പ്രസിഡൻറ്, വൈസ്പ്രസിഡൻറ് എന്നിങ്ങനെ ഉയർന്ന സ്ഥാനങ്ങളിലെ ജീവനക്കാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത യഥാക്രമം 70 ശതമാനവും 61 ശതമാനവുമാണെന്ന് സർവേ വ്യക്തമാക്കുന്നു. അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 94 ശതമാനം ജീവനക്കാരും പറയുന്നു. ഇതിൽ തന്നെ 67 ശതമാനം പേർ അഭിപ്രായപ്പെടുന്നത് ഓരോ തവണയും അവധിയെടുക്കുമ്പോൾ ജോലി ചെയ്യേണ്ടത് വരാറുണ്ടെന്നാണ്. വർക്ക് ലൈഫ് ബാലൻസ് ഇല്ലായ്മ വ്യക്തിഗത ആരോഗ്യത്തെയും കുടുംബത്തിനോടുള്ള ഉത്തരവാദിത്തങ്ങളെയും ബാധിക്കുന്നുണ്ടെന്നും സർവേ അടിവരയിടുന്നു.

മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, പുണെ എന്നീ നഗരങ്ങളിലെ കോർപ്പറേറ്റ് ജീവനക്കാർക്കിടയിലാണ് പഠനം നടത്തിയത്. മാനസികാരോഗ്യത്തിന് ഊന്നൽ നൽകിയുള്ള നയം മാറ്റങ്ങൾ ഗവൺമെൻറ് തലത്തിലും കോർപ്പറേറ്റ് തലത്തിലും ഉണ്ടാകേണ്ടതാണെന്ന് എംപവറിൻറെയും ആദിത്യ ബിർല എജ്യുക്കേഷൻ ട്രസ്റ്റിൻറെയും സ്ഥാപകയും ചെയർപേഴ്സണുമായ ഡോ. നീരജ ബിർല അഭിപ്രായപ്പെട്ടു.

Advertisement