വരുന്നൂ ഇലക്ട്രിക് ഹൈവേ; വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി

Advertisement

ന്യൂഡൽഹി: ഇലക്ട്രിക്ക് വാഹന മേഖലയ്ക്ക് ഉണർവ്വേകുന്ന വലിയൊരു പ്രസ്‍താവന നടത്തിയിരിക്കുകയാണ് നിതിൻ ഗഡ്‍കരി. സാമ്പത്തികമായി ലാഭകരമായ ഇലക്ട്രിക് ഹൈവേകളുടെ വികസനം സംബന്ധിച്ച് വ്യവസായ പ്രമുഖരുമായി ചർച്ച നടത്തുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കുന്നു.

തദ്ദേശീയ സാങ്കേതിക വിദ്യയുടെ വികസനത്തിന് ഊന്നൽ നൽകുന്നതിനൊപ്പം, സാമ്പത്തികമായി ലാഭകരമായ ഇലക്ട്രിക് ഹൈവേകളുടെ വികസനത്തിനായി നിരവധി കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി (സിഐഐ) യുടെ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ നിതിൻ ഗഡ്‍കരി പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മലിനീകരണ രഹിതവും തദ്ദേശീയവുമായ സാങ്കേതികവിദ്യയുടെ വികസനം അനിവാര്യമാണ്.

അതേസമയം സുസ്ഥിര വികസനമാണ് ആത്യന്തിക ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഇറക്കുമതിക്ക് പകരം ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത റോഡ് ഗതാഗത, ഹൈവേ മന്ത്രി എടുത്തുപറഞ്ഞു. വാണിജ്യ മോഡലുകൾ നിർമ്മിക്കാൻ വൻകിട കമ്പനികളോട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി അഭ്യർത്ഥിച്ചു. ഇലക്ട്രിക് ഹൈവേകൾ സാമ്പത്തികമായി ലാഭകരമാക്കുന്നതിനെക്കുറിച്ച് താൻ ടാറ്റയുമായും മറ്റു ചിലരുമായും ചർച്ച ചെയ്‍തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് ഹൈവേ വികസനം എന്ന ആശയം ഗഡ്‍കരി ഇതിന് മുമ്പും പ്രഖ്യാപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇലക്ട്രിക് കാറുകൾക്കായി പ്രത്യേകമായി ഇലക്ട്രിക് ഹൈവേകൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ഇതിൽ ദില്ലിയിൽ നിന്ന് ആഗ്രയിലേക്കും ദില്ലിയിൽ നിന്ന് ജയ്‍പൂരിലേക്കും ഇലക്ട്രിക് ഹൈവേകളുടെ പൈലറ്റ് പ്രോജക്ടുകൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Advertisement