ന്യൂഡൽഹി: സിബിഐ മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപട്ടികയിൽ മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഇടംപിടിച്ചു. കർണാടക ഡിജിപി പ്രവീൺ സൂദ്, മധ്യപ്രദേശ് ഡിജിപി സുധീർ സക്‌സേന, താജ് ഹാസൻ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. നിലവിലെ സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന്‍റെ കാലാവധി മേയ് 25ന് അവസാനിക്കും. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല സമിതി യോഗത്തിനു ശേഷമാണ് ഇവരുടെ പേരുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
1986 ബാച്ചുകാരനായ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ പ്രവീൺ സൂദിനാണ് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്. ബസവരാജ് ബൊമ്മെ സർക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ച ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. കോൺഗ്രസ് നേതാക്കളെ കേസിൽ കുടുക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പ്രവീൺ സൂദിനെതിരെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെ എതിർത്ത് കോൺഗ്രസ് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.
പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുക. രണ്ടു വർഷമാണ് കുറഞ്ഞ കാലാവധി. അഞ്ചു വർഷം വരെ നീട്ടികൊടുക്കുന്നതിനു വ്യവസ്ഥയുണ്ട്.