ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിലേറി, നരേന്ദ്ര മോദി ഒൻപതു വർഷങ്ങൾ പിന്നിട്ടത് ആഘോഷിക്കാനൊരുങ്ങി ബിജെപി. രാജ്യത്താകമാനം ഒരുമാസക്കാലം നീളുന്ന ജനസമ്പർക്കമുൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഓരോ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി സംഘടിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായിട്ടാണ് ആഘോഷമെന്നാണു വിലയിരുത്തലുകൾ. മേയ് 30 മുതൽ ജൂൺ 30 വരെയാകും വിവിധ ആഘോഷങ്ങൾ. ബിജെപി സർക്കാർ നയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ആഘോഷത്തിന്റെ മുഖ്യലക്ഷ്യം. മൂന്നു തലങ്ങളിലാകും പ്രചരണം.
മേയ് 30ന് മഹാറാലിക്കു നേതൃത്വം നൽകി പ്രധാനമന്ത്രി ആഘോഷങ്ങൾക്കു തുടക്കമിടും. പിന്നീട് രാജ്യമൊട്ടാകെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ 51 റാലികൾ സംഘടിപ്പിക്കും. രാജ്യത്തെ 396 ലോക്‌സഭാ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിയുടെയും ദേശീയ വക്താവിന്റെയും സാന്നിധ്യത്തിൽ യോഗങ്ങൾ ചേരും. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ബിജെപി മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും എംപിമാരും എംഎൽഎമാരുമടക്കമുള്ളവർ യോഗങ്ങളിൽ ജനങ്ങളുമായി സംവദിക്കും. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും 250 കുടുംബങ്ങൾ എന്ന കണക്കിൽ ഒരു ലക്ഷം കുടുംബങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. കായിക താരങ്ങൾ, വ്യവസായികൾ, വീരജവാൻമാരുടെ കുടുംബങ്ങൾ എന്നിവരുമായും പ്രധാനമന്ത്രി സംവാദത്തിലേർപ്പെടും. സമൂഹമാധ്യമങ്ങൾ വഴിയും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
വികാസ് കീർത്തി എന്ന ആദ്യത്തെ തലത്തിൽ ഓരോ ലോക്സഭാ മണ്ഡലങ്ങളിലെ പ്രമുഖൻമാരും സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും. രണ്ടാമത്തെ തലത്തിൽ അസംബ്ലി തലത്തിൽ മുതിർന്നവർക്കായി വിരുന്നൊരുക്കും. കേന്ദ്ര സർക്കാർ പദ്ധതി ഗുണഭോക്താക്കളുടെ യോഗവും യോഗാദിനാചരണവും നടക്കും. ശ്യാമപ്രസാദ് മുഖർജിയുടെ സ്മൃതി ദിനത്തിൽ 10 ലക്ഷം ബൂത്തുകളിലെ പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിക്കും. വീടു വീടാനന്തരമുള്ള ക്യാംപെയിനും നടത്തും. ഇതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കു തയാറെടുക്കാൻ ബിജെപി സംസ്ഥാന നേതൃത്വങ്ങളോടു കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.