പുലിവാല് പിടിച്ച് ബച്ചൻ, വിവാദ ഫോട്ടോയിൽ പ്രതികരണവുമായി മുംബൈ പൊലീസ്

Advertisement

മുംബൈ: അമിതാഭ് ബച്ചൻ പങ്കുവെച്ച ഒരു ഫോട്ടോ കഴിഞ്ഞ ദിവസം വലിയ ചർച്ചയായി മാറിയിരുന്നു. ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയ തന്നെ സിനിമാ സെറ്റിൽ എത്താൻ ഒരു ബൈക്ക് യാത്രികൻ സഹായിച്ചു എന്ന് വ്യക്തമാക്കിയാണ് അമിതാതാഭ് ബച്ചൻ ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ പേർ താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുകയും ചെയ്‍തു. എന്നാൽ ഹെൽമെറ്റ് വയ്‍ക്കാത്തതിന് പേരിൽ താരം ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്.

ഈ റൈഡിന് നന്ദിയുണ്ട് സുഹൃത്തേ. നിങ്ങളെ എനിക്കറിയില്ല. പക്ഷെ നിങ്ങൾ കൃത്യമായി എന്നെ ജോലിക്കായി കുരുക്കഴിയാത്ത ട്രാഫിക്ക് ജാം ഒഴിവാക്കി വേഗത്തിൽ തന്നെ ലൊക്കേഷനിൽ എത്തിച്ചു. മഞ്ഞ ടീഷർട്ടും, തോപ്പിയും ഇട്ട സുഹൃത്തേ നിങ്ങൾക്ക് നന്ദി എന്നായിരുന്നു അമിതാഭ് ബച്ചൻ എഴുതിയിരുന്നത്.

തിരക്കുള്ള റോഡിൽ ലിഫ്റ്റ് എടുത്താണെങ്കിലും ജോലിക്ക് എത്തുന്ന അമിതാഭിൻറെ കൃത്യനിഷ്ഠയെ പലരും പുകഴ്ത്തി. എന്നാൽ എല്ലാവർക്കും മാതൃകയാകേണ്ട ഒരു സിനിമാ നടൻ ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് മറ്റ് ചിലർ ഉയർത്തിയത്. എന്തായാലും പെട്ടെന്നുള്ള യാത്രയല്ലേ, പ്രതീക്ഷിച്ചു കാണില്ല, പെട്ടെന്ന് ഹെൽമറ്റ് കിട്ടിയില്ലെന്ന് ചിലർ ആരാധകർ മറുപടി പറഞ്ഞു. പക്ഷേ മാതൃകാപരമാല്ലാത്ത ഇത്തരം ഒരു ഫോട്ടോബച്ചൻ പോസ്റ്റ് ചെയ്യുന്നത് എന്തിന് എന്ന മറുചോദ്യവുമായി വിമർശകരും എത്തി.

മുംബൈ പൊലീസിനെ ടാഗ് ചെയ്‍ത് ചിത്രം ചിലർ പങ്കുവയ്‍ക്കുകയും ചെയ്‍തു. ഞങ്ങൾ ഇത് ട്രാഫിക് ഡിപ്പാർട്‍മെന്റിനെ അറിയിച്ചിട്ടുണ്ട് എന്നായിരുന്നു മുംബൈ പൊലീസ് ഇതിനോട് പ്രതികരിച്ചത്. വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗണപത്- പാർട്ട് വൺ’ ആണ് അമിതാഭ് ബച്ചന്റേതായി ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രൊജക്റ്റ് കെ’യിലും അമിതാഭ് ബച്ചൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.