ചെന്നൈയിലെ റിസര്‍വ് ബാങ്കില്‍ നിന്ന് 1,070 കോടി രൂപയുമായി വില്ലുപുരത്തേക്ക് വന്ന രണ്ട് കണ്ടെയ്നര്‍ ട്രക്കുകള്‍ ചെന്നൈ താംബരത്ത് നിര്‍ത്തിട്ടു. ഒരു ട്രക്കിന് സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് നിര്‍ത്തിയിട്ടത്. ദേശീയ പാതയില്‍ 17 പോലീസ് ഉദ്യോഗസ്ഥര്‍ ട്രക്കുകള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ട്.
535 കോടി രൂപയുമായി വന്ന ട്രക്ക് തകരാറിലായതറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി. സംരക്ഷണം ആവശ്യപ്പെട്ട് കൂടുതല്‍ പോലീസിനെ സ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്. ജില്ലയിലെ ബാങ്കുകളില്‍ കറന്‍സി എത്തിക്കുന്നതിനായാണ് ചെന്നൈയിലെ ആര്‍ബിഐ ഓഫീസില്‍ നിന്ന് രണ്ട് ലോറികളും വില്ലുപുരത്തേക്ക് പുറപ്പെട്ടത്.
ട്രക്കുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ഇത് ചെന്നൈ താംബരത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിലേക്ക് മാറ്റി. താംബരം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീനിവാസനും ഉദ്യോഗസ്ഥസംഘവും സ്ഥലത്തെത്തുകയും ട്രക്ക് തകരാറിലാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് ട്രക്ക് സിദ്ധ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയത്. ഇവിടുത്തെ ഗേറ്റുകള്‍ അടച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശനവും കുറച്ച് സമയത്തേക്ക് നിരോധിച്ചു. ട്രക്ക് നന്നാക്കാന്‍ മെക്കാനിക്കുകള്‍ക്ക് കഴിയാതെ വന്നതോടെ ഇവരെ ചെന്നൈയിലെ റിസര്‍വ് ബാങ്കിലേക്ക് തിരിച്ചയച്ചു.