മുംബൈ: വൻ തോതിൽ തക്കാളികൾ റോഡിൽ ഉപേക്ഷിച്ച് കർഷകർ. നാസിക്കിലെ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) മാർക്കറ്റിൽ വിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി കർഷകർ തക്കാളി വഴിയിൽ ഉപേക്ഷിച്ചത്. 20 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് 30 രൂപ മാത്രം ലഭിക്കുന്ന സാഹചര്യം വന്നതോടെ വിൽക്കാൻ സാധിക്കാത്ത അവസ്ഥ വരികയായിരുന്നുവെന്ന് കർഷകർ വിഷയത്തോട് പ്രതികരിക്കുന്നത്.
ഉൽപ്പാദനച്ചെലവ് വളരെ കൂടുതലായതിനാൽ ഇത്രയും കുറഞ്ഞ വില അംഗീകരിക്കാനാവില്ലെന്ന് കർഷകർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കർഷകർക്ക് പെട്ടിക്ക് 800 രൂപയിലധികം വില ലഭിച്ചിരുന്നു. ഡിമാൻഡുമായി താരതമ്യപ്പെടുത്തുമ്പോൾ വിതരണത്തിലുണ്ടായ വർധനയാണ് കുറഞ്ഞ നിരക്കിന് കാരണമെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച തക്കാളിയുടെ ഏറ്റവും കുറഞ്ഞ വില പെട്ടിക്ക് 20 രൂപയായിരുന്നു.
കൂടിയ വില 120 രൂപയാണ് രേഖപ്പെടുത്തിയത്. മെയ് 10ന് 130 രൂപയായിരുന്ന തക്കാളിയുടെ മൊത്തവില വ്യാഴാഴ്ച പെട്ടിക്ക് 60 രൂപയായി ഇടിഞ്ഞു. വെള്ളിയാഴ്ചയും ഇടിവ് തുടരുകയായിരുന്നു. ഒരു പെട്ടി തക്കാളിക്ക് ഉത്പാദന ചെലവ് 45 രൂപയാണെന്ന് വെള്ളിയാഴ്ച നാസിക് എപിഎംസിയിൽ തന്റെ ഉൽപന്നങ്ങൾ വിറ്റ യോലയിൽ നിന്നുള്ള കർഷകനായ ഭൗസാഹെബ് ഗാവന്ദേ പറഞ്ഞു. യാത്രാച്ചെലവും കൂലിയും നൽകേണ്ടി വന്നു. ഇതോടെ കനത്ത നഷ്ടം തന്നെയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏക്കറിന് 65,000 രൂപ ചെലവഴിച്ചാണ് തക്കാളി കൃഷി ചെയ്യുന്നത്. കാലാവസ്ഥയനുസരിച്ച് 700 മുതൽ 1000 പെട്ടികൾ വരെ വിളവ് ലഭിക്കുമെന്നും കർഷകർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എപിഎംസിയിൽ തക്കാളി വിതരണം 15,000 പെട്ടിയിൽ നിന്ന് 30,000 ആയി ഉയർന്നിരുന്നു. ചൂടുകാരണം കേടായതിനാൽ ഇതര സംസ്ഥാന വ്യാപാരികൾ സാധനങ്ങൾ വാങ്ങുന്നില്ല. മാത്രമല്ല, തക്കാളി വാങ്ങുന്ന ഭക്ഷ്യോൽപ്പാദന യൂണിറ്റുകൾ നിലവിൽ സംസ്കരണത്തിനായി മാമ്പഴം വാങ്ങുകയാണെന്നും കർഷകർ പറഞ്ഞു.