ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കേരളത്തിൽ, സ്വീകരിച്ച് മന്ത്രിമാരും ഗവ‍ർണറും; രണ്ട് ദിവസത്തെ സന്ദർശനം

Advertisement

തിരുവനന്തപുരം : രണ്ട് ദിവസത്തെ സന്ദ‍ർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻക‍ർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവ‍ർണറും ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ശേഷം അദ്ദേഹം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദ‍ർശനം നടത്തി. ഗവർണർ അത്താഴ വിരുന്ന് നൽകും. നാളെ നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.

തിങ്കളാഴ്ച രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. 10.30നാണ് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം. തുടർന്ന് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും, അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. അതിന് ശേഷം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ പാനൂരിലെ രത്നാ നായരെ സന്ദർശിക്കും.

പതിറ്റാണ്ടുകൾക്ക് ശേഷം പ്രിയപ്പെട്ട ശിഷ്യൻ തന്നെ കാണാനെത്തുന്നതിൻറെ സന്തോഷത്തിലാണ് രത്നാ നായർ. സൈനിക് സ്കൂളിലെ അധ്യാപനവൃത്തിക്ക് ശേഷം പാനൂരിലെ സഹോദരൻറെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന രത്ന നായർ പ്രിയപ്പെട്ട ശിഷ്യൻറെ വരവിനായി കാത്തിരിക്കുകയാണ്. പാനൂർ കാർഗിൽ ബസ് സ്റ്റോപ്പിന് സമീപമുള്ള വീട്ടിൽ രത്നടീച്ചർ ശിഷ്യനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ടീച്ചർ മാത്രമല്ല ഈ വീട്ടിലെത്തുന്ന പഴയ വിദ്യാർത്ഥിയെ കാണാൻ നാടും കാത്തിരിക്കുന്നു. ടീച്ചറെ കാണാനായി പഴയ വിദ്യാർത്ഥിയെത്തുമ്പോൾ സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകൾ പൊലീസും തുടങ്ങി. ഉപരാഷ്ട്രപതി ജഗദീപ് ധൻകറാണ് എല്ലാവരും കാത്തിരിക്കുന്ന ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യൻ.

രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക് സ്കൂളിൽ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധൻകറെ രത്ന നായർ പഠിപ്പിച്ചത്. 18 വർഷത്തോളം രാജസ്ഥാനിലെ സൈനിക സ്കൂളിൽ അധ്യാപികയായിരുന്നു രത്ന നായർ. കണ്ണൂർ ചെണ്ടയാട് നവോദയാ സ്കൂളിലെ പ്രിൻസിപ്പലായാണ് വിരമിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നെത്തി മിടുമിടുക്കനായി മാറിയ ജഗദീപിൻറെ കഥ പറയുമ്പോൾ അഭിമാനത്തിൻറെ നിറവിലാണ് ടീച്ചർ. ജഗദീപിൻറെ സഹോദരനെയും ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. 1968ൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ച് സ്കൂളിൽ നിന്ന് ജഗദീപ് വിട പറഞ്ഞെങ്കിലും ടീച്ചറോടുള്ള അടുപ്പത്തിൽ മാത്രം കുറവുണ്ടായില്ല. പശ്ചിമ ബംഗാളിൽ ഗവർണറായപ്പോൾ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം പോകാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുമ്പോൾ ടീച്ചറെ കാണാൻ കണ്ണൂരിലെത്തുമെന്ന കാര്യം ഉപരാഷ്ട്രപതി അറിയിച്ചത്.

Advertisement