ഇത്തരമൊരു സൂപ്പർ റോഡ് രാജ്യത്ത് ആദ്യം, ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ ഉടൻ തുറക്കുമെന്ന് നിതിൻ ഗഡ്‍കരി

Advertisement

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അർബൻ അതിവേഗ പാതയായ ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ഈ അതിവേഗപാതയുടെ നിർമ്മാണം ദീപാവലിക്ക് മുമ്പ് പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ദേശീയ തലസ്ഥാനത്തിനും ഗുരുഗ്രാമിനുമിടയിൽ സുഗമമായ ഗതാഗതം പ്രദാനം ചെയ്യുന്ന പ്രധാന ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നാല് മാസത്തിൽ കൂടുതൽ സമയമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 10,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ എക്‌സ്പ്രസ് വേയുടെ ഗ്രൗണ്ട് സർവേ കഴിഞ്ഞ ദിവസം നിതിൻ ഗഡ്‍കരി നടത്തി . ദ്വാരകയിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ എക്‌സ്പ്രസ് വേ സഹായിക്കുമെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. ദേശീയപാത 8ൽ 50 ശതമാനത്തോളം ഗതാഗതം കുറയ്ക്കാനും ഇത് സഹായിക്കും.

ദ്വാരക എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് അർബൻ ഹൈവേയായി മാറും. സമീപകാലത്ത് നിർമ്മിച്ച ഏറ്റവും ചെറിയ പാതകളിലൊന്നായിരിക്കും ഇത്. ഡൽഹിയിലെ ദ്വാരകയെയും ഹരിയാനയിലെ ഗുരുഗ്രാമിനെയും ബന്ധിപ്പിക്കുന്നതാണ് 29 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അതിവേഗ പാത. എൻഎച്ച്-8-ലെ ശിവ്-മൂർത്തിയിൽ നിന്നും ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിൽ നിന്നും ആരംഭിക്കുന്ന എക്‌സ്പ്രസ് വേ, ഖേർക്കി ദൗള ടോൾ പ്ലാസയ്ക്ക് സമീപം, ദ്വാരക സെക്ടർ 21 വഴി, ഗുരുഗ്രാം അതിർത്തിയിലും ബസായിയിലും അവസാനിക്കുന്നു. അതിവേഗ പാതയുടെ 19 കിലോമീറ്റർ ഹരിയാനയിലും ബാക്കിയുള്ള 10 കിലോമീറ്റർ ഡൽഹിയിലുമാണ്.

പുതിയ എക്‌സ്പ്രസ് വേ നിർമ്മിക്കാൻ, വിഖ്യാതമായ ഈഫൽ ടവർ നിർമ്മിക്കാൻ ഉപയോഗിച്ചതിന്റെ 30 മടങ്ങോളം കൂടുതലുള്ള രണ്ട് ലക്ഷം മെട്രിക് ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 20 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റും എക്സ്പ്രസ് വേയിൽ ഉപയോഗിച്ചു. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിക്കാൻ ഉപയോഗിച്ചതിന്റെ ആറ് മടങ്ങോളം കൂടുതലാണ്.

ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ആകെ 16 പാതകളാണുള്ളത്. എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ഇരുവശത്തും മൂന്നുവരി സർവീസ് റോഡിനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. ഇതിനായി തുരങ്കങ്ങളും അണ്ടർപാസുകളും എലിവേറ്റഡ് ഫ്‌ളൈഓവറുകളും ഉൾപ്പെടുന്ന നാല് ഇന്റർചേഞ്ചുകൾ ഇതിന് ഉണ്ടായിരിക്കും. 3.6 കിലോമീറ്റർ നീളവും എട്ടു വരി വീതിയുമുള്ള ഏറ്റവും നീളമേറിയതും വീതിയുള്ളതുമായ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയും ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ഉണ്ടാകും. ഓട്ടോമേറ്റഡ് ടോളിംഗ് സംവിധാനവും ഇന്റലിജന്റ് ട്രാൻസ്‌പോർട്ടേഷൻ സംവിധാനവും (ഐടിഎസ്) ദ്വാരക എക്‌സ്പ്രസ് വേയിൽ ഉണ്ടാകും. തീർന്നില്ല, അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, ടോൾ മാനേജ്‌മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകൾ എന്നിവ ഉൾപ്പെടുന്ന ഹൈടെക് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളും ഇതിലുണ്ടാകും.

ദില്ലിയിലെ അഴിയാത്ത ഗതാഗതക്കുരുക്കും വാഹനങ്ങളുണ്ടാക്കുന്ന വായു-ശബ്ദമലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി ഡീകൺജക്ഷൻ (തിരക്ക് കുറയ്ക്കൽ) പദ്ധതിയുടെ ഭാഗമായി ദ്വാരക എലിവേറ്റഡ് അർബൻ അതിവേഗ പാതയുടെ നിർമാണം ആരംഭിച്ചത്.