കുനോ നാഷണല്‍ പാര്‍ക്കില്‍ രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു

Advertisement

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ എട്ട് ചീറ്റകളില്‍ ഒന്നായ സിയായക്ക് പിറന്ന രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. മാര്‍ച്ച് 24നാണ് സിയായ (ജ്വാല) നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മൂന്ന് ചീറ്റ കുഞ്ഞുങ്ങള്‍ ചത്തത്. അവശേഷിക്കുന്ന ഒന്നിന്റെ ആരോഗ്യ നില മോശമായി തുടരുന്നതിനാല്‍ നിരീക്ഷണത്തിലാണ്.
അസുഖം ബാധിച്ചാണ് ചീറ്റ കുഞ്ഞുങ്ങള്‍ ചത്തത്. ‘എല്ലാ ചീറ്റ കുഞ്ഞുങ്ങളും ദുര്‍ബലരായിരുന്നു. ശരീരത്തില്‍ ജലാംശം കുറവായിരുന്നു. അമ്മ ചീറ്റ സിയായ ഹുന്ദ് റിയാദ് ഇനത്തില്‍പ്പെട്ടതാണ്. എട്ട് ആഴ്ച പ്രായമുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ ചുറ്റും മാത്രമായാണ് ഒതുങ്ങിയിരുന്നത്. 10 ദിവസങ്ങള്‍ക്ക് മുന്‍പ് എഴുന്നേറ്റ് നിന്നിരുന്നു”- കുനോ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. അമ്മ ചീറ്റ പൂര്‍ണ ആരോഗ്യവതിയാണ്.
ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ ഇന്ത്യയിലെത്തിച്ച ചീറ്റകളില്‍ രണ്ട് മാസത്തിനുള്ളില്‍ 6 എണ്ണമാണ് ചത്തത്. മാര്‍ച്ച് 27 നാണ് നമീബിയയില്‍ നിന്നെത്തിച്ച സാഷ വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചത്തത്. ഏപ്രില്‍ 13 ന് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഉദയ് ചത്തു. ഇണചേരലിനിടെ അക്രമാസക്തമായി പരുക്കേറ്റാണ് ദക്ഷ എന്ന ചീറ്റ മെയ് 9ന് ചത്തത്.

Advertisement