ജയ്പുർ: അപ്രതീക്ഷിതമായുണ്ടായ അതിശക്ത മഴ രാജസ്ഥാനിൽ കനത്ത നാശം വിതയ്ക്കുന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാനിൽ 13 പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടമായെന്നാണ് വ്യക്തമാകുന്നത്.
രാജസ്ഥാനിലെ ഫത്തേപുർ നഗരത്തിലും ശെഖാവതി മേഖലയിലുമാണ് അപ്രതീക്ഷിത മഴ ഏറ്റവും വലിയ ദുരന്തം വിതച്ചത്. മേഖലയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. ഇതാണ് ദുരന്തത്തിൻറെ തീവ്രത വർധിക്കാൻ കാരണമായത്. അപ്രതീക്ഷിത മഴക്കൊപ്പം കൊടുങ്കാറ്റും ആലിപ്പഴ വർഷവും രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജസ്ഥാൻ ദുരന്ത നിവാരണ മാനേജ്മെൻറിൻറെ കണക്കുകൾ പ്രകാരം മഴയിലും കൊടുങ്കാറ്റിലുംപെട്ട് 13 പേർക്കാണ് ജീവൻ നഷ്ടമായത്. ടോങ്ക് മേഖലയിൽ 10 പേരും അൽവാർ, ജയ്പുർ, ബിക്കാനീർ എന്നിവിടങ്ങളിലായി മൂന്ന് പേരുമാണ് മരിച്ചത്. കൊടുങ്കാറ്റിൽ ഒരു വിവാഹ വേദിയും ഇവിടെ ഒലിച്ചുപോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളും കന്നുകാലികളും ഒഴുകിപ്പോയി. ഇതിൻറെയടക്കം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. പലയിടങ്ങളിലും രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് രാജസ്ഥാൻ ദുരന്ത നിവാരണ മാനേജ്മെൻറ് അറിയിച്ചു. ദുരന്തത്തിൻറെ വ്യാപ്തി കൂടിയേക്കുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നുണ്ട്. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന.