സ്കൂളിലെ ഉച്ചക്കഞ്ഞി കഴിച്ചവർക്ക് ചർദ്ദി, ബോധംകെട്ട് വീണു, നൂറോളം കുട്ടികൾ ആശുപത്രിയിൽ, പരിശോധനയിൽ ചത്ത പാമ്പ്

Advertisement

ഭോപ്പാൽ: സർക്കാർ സ്കൂളിൽ ഉച്ചക്കഞ്ഞി കഴിച്ച നൂറോളം കുട്ടികൾ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ. ബിഹാറിലെ അരാരിയയിലുള്ള സർക്കാർ സ്കൂളിലെ കുട്ടികളാണ് ഉച്ചക്കഞ്ഞി കഴിച്ച് ആശുപത്രിയിലായത്.

ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഛർദി തുടങ്ങിയിരുന്നു. ചില കുട്ടികൾ ഛർദ്ദിച്ച് തളർന്ന് ബോധംകെട്ട് വീഴുകയും ചെയ്തു. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.

ഇതിന് പിന്നാലെ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് ഭക്ഷ്യ വിഷബാധയുടെ കാരണം വ്യക്തമായത്. കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെയാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്ഥലത്തെ ഒരു സന്നദ്ധ സംഘടനയാണ് സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ആശുപത്രിയിലെത്തിച്ചതോടെ കുട്ടികളിൽ പലരുടെയും നില ഭേദമായി. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement