നാടിനെ നടുക്കിയ അപകടം വിനോദയാത്രക്കിടെ; പൂർണമായും തകർന്ന് ഇന്നോവ, 13 ൽ 10 പേരും തത്ക്ഷണം മരിച്ചു

Advertisement

മൈസുരു: കർണാടകയെ നടുക്കിയ മൈസുരു വാഹനാപകടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈസുരുവിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. കാറിനകത്തുണ്ടായിരുന്ന 13 ൽ 10 പേരാണ് മരണപ്പെട്ടത്. ബാക്കിയുള്ള മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു. ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസും ഏറെ ബുദ്ധിമുട്ടി. അപകടത്തിൽ ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. നാല് പുരുഷൻമാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് മരണപ്പെട്ടത്. മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ സംഘം ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം ഉണ്ടായത്.

Advertisement