ന്യൂഡൽഹി: 48 മണിക്കൂറിനിടെയുള്ള രണ്ടാമത്തെ കൊലപാതകത്തിൻറെ ഞെട്ടലിൽ രാജ്യതലസ്ഥാനം. ഡൽഹി സിവിൽ ലൈൻസിൽ വീടിൻറെ ടെറസിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഒരുമിച്ച് താമസിക്കുന്ന യുവതി തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 36കാരിയായ റാണി എന്ന യുവതിയാണ് കൊലപ്പെട്ടത്. അരുംകൊല നടത്തിയ 22കാരിയായ സപ്ന എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് റാണിയുടെ മൃതദേഹം മജ്നു കാ തില്ലയിലുള്ള വീടിൻറെ ടെറസിൽ കണ്ടെത്തിയതെന്ന് നോർത്ത് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാഗർ കൽസി പറഞ്ഞു. ഗുരുഗ്രാമിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തിരുന്ന റാണിയും സപ്നയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു പാർട്ടിക്കിടെ മദ്യലഹരിയിലായിരുന്ന സപ്‌ന (36) പിതാവിനെ അപമാനിച്ചിരുന്നു. ഇത് യുവതികൾ തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു.
ഇന്ന് രാവിലെയും ഇതേചൊല്ലി രണ്ട് പേരും തമ്മിൽ തർക്കമായി. തുടർന്ന് പുലർച്ചെ 4:30 ഓടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് സപ്ന റാണിയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. റാണി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചോദ്യം ചെയ്യലിൽ സപ്ന കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിവാഹമോചിതയായ റാണിക്ക് ഒരു മകളുണ്ട്. 16കാരിയെ സുഹൃത്ത് കുത്തി കൊന്നത് കഴിഞ്ഞ ദിവസമാണ്. സാക്ഷി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
സാക്ഷിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ഡൽഹി സർക്കാർ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കേസിൽ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നത്. അതേസമയം, കേസിൽ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്. സംഭവത്തിന് ശേഷം പ്രതി മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്കാണ്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്.