ഗതാ​ഗതക്കുരുക്കിനിടെ ഉച്ചഭക്ഷണം കഴിച്ച് തീർക്കുന്ന ബസ് ഡ്രൈവർ, വൈറലായി ദൃശ്യം

Advertisement

മിക്ക ന​ഗരങ്ങളും ഇന്ന് അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ​ഗതാ​ഗതക്കുരുക്ക്. ട്രാഫിക്കിൽ കുരുങ്ങാതെ പ്രധാന ന​ഗരങ്ങളിൽ യാത്ര ചെയ്യുക എന്നത് തീർത്തും അസാധ്യമായിരിക്കുന്നു.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബം​ഗളൂരു ന​ഗരം. ദിനംപ്രതി താമസക്കാർ വർധിച്ചു വരുന്ന ന​ഗരമാണ് ഇത്. അതിനാൽ തന്നെ ​ഗതാ​ഗതക്കുരുക്കും ദിനംപ്രതി വർധിച്ച് വരികയാണ്. ബ്ലോക്കിൽ കുടുങ്ങാതെ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നത് ചില ഭാ​ഗങ്ങളിലൊക്കെ അപൂർവമാണ് എന്നും പറയേണ്ടി വരും. ഏതായാലും അത് തെളിയിക്കുന്നൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈ രം​ഗം പകർത്തിയിരിക്കുന്നത് സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുമാണ്. നേരത്തെ തന്നെ ​ഗതാ​ഗതക്കുരുക്കിന് പേര് കേട്ടിരിക്കുന്ന പ്രദേശമാണ് സിൽക്ക് ബോർഡ് ജം​ഗ്ഷൻ. സായി ചന്ദ് ബയ്യവരപ്പു എന്നയാളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, ബസ് ​ഗതാ​ഗതക്കുരുക്കിൽ പെട്ട് കി‌ടക്കുമ്പോൾ ബസ് ഡ്രൈവർ തന്റെ ലഞ്ച് കഴിക്കുന്നതാണ്. അയാൾ പാത്രത്തിൽ കരുതിയിരിക്കുന്ന തന്റെ ഭക്ഷണം മുഴുവനും ​ഗതാ​ഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ കഴിച്ചു തീർക്കുന്നത് വീഡിയോയിൽ കാണാം.

അതിവേ​ഗത്തിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. നിരവധി ആളുകൾ വീഡിയോയ്ക്ക് കമന്റിടുകയും വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ബം​ഗളൂരു ന​ഗരം അഭിമുഖീകരിക്കുന്ന ​ഗതാ​ഗതക്കുരുക്കിന് ഏറ്റവും മികച്ച ഉദാഹരണം എന്നാണ് മിക്കവാറും ആളുകൾ വീഡിയോയെ വിശേഷിപ്പിച്ചത്. ബം​ഗളൂരു ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിനെ കുറിച്ച് ആളുകൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാനും വീഡിയോ കാരണമായിത്തീർന്നു. ഡ്രൈവർക്ക് ഈ ​ഗതാ​ഗതക്കുരുക്ക് കാരണം ശരിക്കും എവിടെയെങ്കിലും ഇരുന്ന് സമാധാനത്തോടെ തന്റെ ഭക്ഷണം കഴിക്കാൻ പോലും നേരം കിട്ടുന്നില്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

https://www.instagram.com/p/Crvlt14AloB/?utm_source=ig_embed&utm_campaign=embed_video_watch_again
Advertisement