ലൈംഗികാതിക്രമ പരാതി: ബ്രിജ്ഭൂഷന് എതിരെ തെളിവില്ലെന്ന് ഡൽഹി പൊലീസ്

Advertisement

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ തെളിവില്ലെന്ന് ഡൽഹി പൊലീസ്. 15 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തത്. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതിൽ ഗുസ്തി താരങ്ങൾ അതിശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് ഡൽഹി പൊലീസ് സംഭവത്തിനു തെളിവില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിനായി തങ്ങൾ നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നു പ്രഖ്യാപിച്ച താരങ്ങളെ കർഷക നേതാക്കൾ ഇടപെട്ടാണ് പിൻവലിപ്പിച്ചത്.

യുപിയിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി എംപിയായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ രണ്ട് എഫ്‌ഐആർ ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് താരങ്ങൾ നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നു കാട്ടിയാണു ഏപ്രിൽ 23നു താരങ്ങൾ ജന്തർമന്തറിൽ സമരം ആരംഭിക്കുന്നത്.

സുപ്രീം കോടതി ഇടപെടലിനെ തുടർന്നു പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസിൽ ബ്രിജ്ഭൂഷനെയും റെസ്​ലിങ് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും പ്രതിചേർത്തിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354എ(ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക), 354ഡി(ശല്യപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളാണു രണ്ടാമത്തെ എഫ്‌ഐആറിൽ. 2012 മുതൽ 2022 വരെയുള്ള സമയത്തായി പല തവണ ബ്രിജ്ഭൂഷൻ ശല്യപ്പെടുത്തിയെന്നാണു പരാതി.4 തവണ അതിക്രമമുണ്ടായത് അശോക റോഡിലെ ബ്രിജ്ഭൂഷന്റെ എംപി വസതിയിലാണ്. റെസ്​ലിങ് ഫെഡറേഷൻ ഓഫിസും ഇതു തന്നെയാണ്.

Advertisement