ആൺമക്കൾ എത്തുന്നത് സ്വത്ത് ചോദിച്ച് മാത്രം, ഭർത്താവിൻറെ മൃതദേഹം വീട്ടിനുള്ളിൽ ദഹിപ്പിച്ച് ഭാര്യ

Advertisement

കുർണൂൽ: പിതാവിൻറെ മരണ വിവരം ആൺ മക്കൾ അറിഞ്ഞാൽ സ്വത്തിന് വേണ്ടി തർക്കമുണ്ടാവുമെന്ന് ഭയന്ന് ഭർത്താവിനെ വീട്ടിനുള്ളിൽ തന്നെ ദഹിപ്പിച്ച് ഭാര്യ. ആന്ധ്ര പ്രദേശിലെ കുർണൂലിലെ പട്ടിക്കോണ്ടയിലാണ് സംഭവം.

തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. രണ്ട് ആൺമക്കളും ഏറെ കാലമായി മാതാപിതാക്കളെ അന്വേഷിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാറില്ലെന്നാണ് കുർണൂൽ സ്വദേശിയായ ലളിത പൊലീസിനോട് വിശദമാക്കിയത്.

അറുപതുകാരനായ ഭർത്താവ് ഹരികൃഷ്ണ പ്രസാദ് ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ഹരിപ്രസാദ് മരിച്ചതെന്നാണ് ലളിത പൊലീസിനോട് വിശദമാക്കിയത്. മക്കൾ അറിഞ്ഞാൽ സ്വത്തിന് വേണ്ടി കലഹമുണ്ടാവുമെന്നും തന്നെ പുറത്താക്കുമെന്നും ഭയം തോന്നിയ ലളിത ബന്ധുക്കളെ പോലും വിവരം അറിയിക്കാതെ ഹരിപ്രസാദിൻറെ മൃതദേഹം വീട്ടിനുള്ളിൽ തന്നെ ദഹിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അയൽവീട്ടിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് സംഭവം പൊലീസിൻറെ ശ്രദ്ധയിൽപ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഭർത്താവിൻറെ സംസ്കാരം നടക്കുന്നതായി ലളിത വിശദമാക്കിയത്.

കുർണൂലിൽ ഫാർമസി നടത്തിക്കൊണ്ടിരുന്ന ഹരിപ്രസാദിനും ലളിതയ്ക്കും രണ്ട് മക്കളാണ് ഉള്ളത്. മൂത്തയാൾ കുർണൂലിലെ തന്നെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഇളയ മകൻ കാനഡയിലാണ് താമസിക്കുന്നത്. മക്കൾ സ്വത്ത് ആവശ്യപ്പെട്ട് മാത്രമാണ് വീട്ടിലേക്ക് വരാറുണ്ടായിരുന്നതെന്നും ലളിത പൊലീസിനോട് വിശദമാക്കി. വീട്ടിലുണ്ടായിരുന്ന പേപ്പറുകളും കാർഡ് ബോർഡുകളും വച്ചാണ് ഹരിപ്രസാദിൻറെ മൃതദേഹം സംസ്കരിക്കാൻ ലളിത ശ്രമിച്ചത്.

അയൽക്കാർ വിവരം അറിയിച്ചതിനേ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മൃതദേഹം 80 ശതമാനത്തോളം അഗ്നിക്കിരയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതം നേരിട്ട ഹരിപ്രസാദ് ഏറെ നാളായി കിടപ്പിലായിരുന്നു. ഇതിന് പിന്നാലെ ലളിതയായിരുന്നു ഫാർമസി നടത്തിയിരുന്നത്. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വിശദമാക്കി.

Advertisement