12-കാരൻ ബെഡ്ഷീറ്റിനടിയിൽ ചലനമറ്റ് കിടന്നു, അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടിയത് 15 -കാരി സഹോദരിയെ

Advertisement

ചണ്ഡീഗഡ്: 12 -കാരനായ തന്റെ സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15-കാരിയായ സഹോദരി. ഹരിയാനയിലെ ബല്ലാബ്ഗഡിലാണ് ഞെട്ടിക്കുന്ന സംഭവം.

അച്ഛനും അമ്മയ്ക്കും തന്നേക്കാൾ സഹോദരനോട് സ്നേഹക്കൂടതൽ ഉണ്ടെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. സഹോദരൻ തന്റെ കയ്യിലുണ്ടായിരുന്ന ഫോൺ കൊടുക്കാത്തതും പെട്ടെന്നുള്ള പ്രകോപനമായെന്ന് പെൺകുട്ടി പറഞ്ഞതായും പൊലീസ് അറിയിച്ചു.

അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വരുമ്പോൾ ബെഡ് ഷീറ്റിനടയിൽ ചലനമറ്റ നിലയിൽ കിടക്കുകയായിരുന്നു മകൻ. വിളിച്ചെഴുന്നേൽപ്പക്കാൻ ഇരുവരും ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു. ബെഡ് ഷീറ്റ് മാറ്റി നോക്കിയപ്പോഴായിരുന്നു ആ ഞെട്ടിക്കുന്ന സത്യം അവർ മനസിലാക്കിയത്. മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. ആ സമയം വീട്ടിൽ 15-കാരിയായ മകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിൽ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു 12 -കാരൻ താമസിച്ച് പഠിച്ചിരുന്നത്. വേനലവധിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം നിൽക്കാൻ എത്തിയതായിരുന്നു. വീട്ടിലെത്തിയപ്പോൾ പലപ്പോഴും തന്നെക്കാൾ സ്നേഹം സഹോദരനോട് കാണിച്ചിരുന്നതായും അത് തന്നെ അലോസരപ്പെടുത്തിയിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു.

ജോലിക്ക് പോകും മുമ്പ് സഹോദരന് കളിക്കാൻ മാതാപിതാക്കൾ ഫോൺ നൽകിയിരുന്നു. ഒത്തിരി നേരം ഗെയിം കളിച്ചിരുന്നപ്പോൾ ഫോൺ കൊടുക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ അവൻ അത് നൽകിയില്ല. ദേഷ്യം വന്നപ്പോൾ കഴുത്ത് ഞെരിക്കുകയായിരുന്നു എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജറാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളോടുള്ള പെരുമാറ്റത്തിലുണ്ടായ ചെറിയ പാളിച്ചയാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്ന് പൊലീസ് പബ്ലിക് റിലേഷൻ ഓഫീസർ ദുബെ സിങ് പറഞ്ഞു.