850 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പ്രതിമകള്‍ കാറ്റിലും മഴയിലും തകര്‍ന്നു വീണു; അന്വേഷണം

Advertisement

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ 850 കോടി രൂപ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സപ്തര്‍ഷികളുടെ പ്രതിമകള്‍ തകര്‍ന്നതില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചു. മഹാകാല്‍ ലോക് ഇടനാഴിയില്‍ സ്ഥാപിച്ചിരുന്ന ഏഴ് സപ്തര്‍ഷികളുടെ കൂറ്റന്‍ വിഗ്രഹങ്ങളില്‍ ആറെണ്ണവും മഴയിലും കാറ്റിലും തകര്‍ന്നു വീണു. തുടര്‍ന്നാണ് മധ്യപ്രദേശ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ലോകായുക്ത സംഘം ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും.
മെയ് 28ന് വൈകുന്നേരം 4 മണിയോടെയാണ് നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരിക്കെ പ്രതിമകള്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. അറ്റകുറ്റപ്പണികള്‍ക്കായി ഇവിടം താല്‍ക്കാലികമായി അടച്ചു. ശക്തമായ കാറ്റാണ് സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 850 കോടി രൂപയുടെ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

Advertisement