ഭുവനേശ്വർ:ഒഡീഷയിലെ ബാലസോറിൽ മൂന്ന് തീവണ്ടികൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വരുടെ എണ്ണം 207 ആയി ഉയർന്നു.900 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 12 കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു. ട്രയിനുകൾ 100 കിലോമീറ്റർ വേഗതയിലായിരുന്നു. ഇന്നലെ രാത്രി 7.20 നായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്.
ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.അപകടസ്ഥലത്ത് എൻ ഡിആർ എഫും, വ്യോമസേനയും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നു. 43 ട്രയിനുകൾ റദ്ദാക്കി , 38 ട്രയിനുകൾ വഴിതിരിച്ചുവിട്ടു. അപായ മുന്നറിയിപ്പുകൾ, സിഗ്നലുകൾ എന്നിവ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നാണ് എന്നാണ് പ്രാഥമിക വിവരം.