ഒഡീഷ ട്രയിൻ അപകടം: മരണസംഖ്യ 233; പരിക്കേറ്റവരിൽ തൃശൂർ സ്വദേശികളായ 4 പേരും,രക്ഷാപ്രവർത്തനം തുടരുന്നു

Advertisement

ഭുവനേശ്വർ:
ഒഡീഷയിലെ ബാലസോറിൽ തീവണ്ടികൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വരുടെ എണ്ണം 233 ആയി ഉയർന്നു.900ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ തൃശൂർ
അന്തിക്കാട് കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവരും ഉൾപ്പെടുന്നു. രഘുവിൻ്റെ പല്ലുകൾ തകർന്നു, മറ്റൊരാൾക്ക് കൈയ്ക്കും പരിക്കുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവർ നാട്ടിലെ കരാറുകാരനുമായി ബന്ധപ്പെട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ടൈൽസ് ജോലികൾക്ക് പോയി മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേർ കുറച്ചുദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.

പരിക്കേറ്റവരെ സമീപത്തുള്ള എട്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
ട്രയിൻരണ്ട് തവണ ഇടത്തേക്ക് മറിഞ്ഞതായി പരിക്കേറ്റ കിരൺ പറഞ്ഞു. എമർജൻസി വാതിൽ പൊളിച്ച് രക്ഷപ്പെടുകയായിരുന്നു. ട്രയിൻ അപകടത്തിൽപ്പെട്ടപ്പോൾ ഇവർ നാല് പേരും നിന്ന് യാത്ര ചെയ്യുകയായിരുന്നു. പാടത്തിൻ്റെ നടുവിൽ ദൂരെ ഒരു വീട് കണ്ടു അവിടെ അഭയം തേടി തുടർന്നാണ് ആശുപത്രിയിലായതെന്നും കിരൺ പറഞ്ഞു.

ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 12 കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു
ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.