കല്യാണത്തിന് മുമ്പ് ലൈംഗിക ബന്ധം വേണമെന്ന് കാമുകൻ, നിരസിച്ച കാമുകിയുടെ തല പാറയിലിടിച്ചു, കഴുത്ത് ഞെരിച്ചു

Advertisement

മുംബൈ: കല്യാണത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പടണമെന്ന ആവശ്യം നിരസിച്ച കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ സബർബൻ ബാന്ദ്രയിൽ നിരവധി പേർ നോക്കി നിൽക്കെയായിരുന്നു യുവാവിൻറെ ക്രൂരത.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 28 കാരനായ ആകാശ് മുഖർജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്.

മുംബൈയിലെ കല്യാൺ പ്രദേശത്തെ താമസക്കാരനാണ് പ്രതിയായ ആകാശ് മുഖർജി. ആകാശും യുവതിയും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് ഇരുവരും അടുപ്പത്തിലാകുന്നത്. കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ബുധനാഴ്ച പുറത്ത് കറങ്ങാനായി ഇറങ്ങിയതായിരുന്നു. യുവാവും യുവതിയും കല്യാണിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ കാണാൻ പോയി. പിന്നീട് ലോക്കൽ ട്രെയിനിൽ കറങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇതിന് ശേഷം വൈകിട്ട് ബാന്ദ്ര ബസ് സ്റ്റാൻറിലെത്തി. ഇവിടെ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

സംസാരത്തിനിടെ ആകാശ് മുഖർജി യുവതിയോട് തന്നെ വിവാഹം കഴിക്കാനായി അഭ്യർത്ഥിച്ചു. വിവാഹം എളുപ്പത്തിൽ നടക്കാൻ കാമുകിയുടെ മതം സ്വീകരിക്കാൻ തയ്യാറാണെന്നും ആകാശ് പറഞ്ഞു. സംസാരിക്കുന്നതിനിടെ യുവാവ് കാമുകിയോട് ലൈംഗിക താൽപ്പര്യത്തോടെ ഇടപെട്ടു. വിവാഹം കഴിക്കാമെന്നും അതിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇത് യുവതി നിരസിച്ചതോടെ ആകാശ് പ്രകോപിതനായി. യുവതിയോട് കയർത്ത് സംസാരിക്കുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. യുവതി നിലപാടിൽ ഉറച്ച് നിന്നതോടെ ആകാശ് പെട്ടന്ന് കാമുകിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പ്രകോപിതനായ ആകാശ് മുഖർജി യുവതിയെ തല്ലുകയും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ യുവതിയുടെ തല പിടിച്ച് അടുത്തുള്ള ഒരു പാറയിൽ ഇടിക്കുകയും ചെയ്തു. നിലത്ത് വീണ യുവതിയെ അഴുക്ക് ചാലിലേക്ക് തലമുക്കിപ്പിടിച്ച് കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ആകാശിനെ കസ്റ്റഡിയിലെടുക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കാമുകിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാന്ദ്ര പൊലീസ് ആകാശ് മുഖർജിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പൊലീസ് അറിയിച്ചു.