ട്രെയിന്‍ ദുരന്തം നടന്ന ബാലസോര്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം തുടരുന്നു

Advertisement

ന്യൂഡല്‍ഹി. ട്രെയിന്‍ ദുരന്തം നടന്ന ബാലസോര്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

അപകടത്തെ തുടര്‍ന്ന് തകര്‍ന്ന ട്രാക്കുകള്‍ പുനഃസ്ഥാപിച്ച് എത്രയും പെട്ടെന്ന് ട്രെയിന്‍ ഗതാഗതം പഴയതുപോലെയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. രാത്രി വൈകിയും ട്രാക്കിന്റെ പുനരുദ്ധാരണ ജോലികള്‍ നടക്കുകയാണ്. റെയില്‍വേ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബാലസോറിലെത്തിയിരുന്നു.

അതേസമയം, ബാലസോറില്‍ അപകടത്തില്‍പ്പെട്ട ട്രെയിനിലുള്ള യാത്രക്കാരുമായി പ്രത്യേക തീവണ്ടി ചെന്നൈ എം.ജി.ആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തി. 288 പേരാണ് ട്രെയിന്‍ അപകടത്തില്‍ മരിച്ചത്. 1175 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 793 പേര്‍ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. 382 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച വൈകീട്ടോടെ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, കൊറമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്‌സ്‌ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പാസഞ്ചര്‍ ട്രെയിനുകളുടെ 17 കോച്ചുകളാണ് പാളംതെറ്റിയത്.

Advertisement